PHOTO: WIKICOMMONS
പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു
മായാ ദര്‍പണ്‍, തരംഗ്, ഖയാല്‍ ഗാഥ, കസ്ബ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു. വിടപറഞ്ഞത് രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകനും തിരക്കഥാകൃത്തും. പ്രശസ്ത സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യനായ സാഹ്നി 1972 ല്‍ മായാ ദര്‍പ്പണ്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
1989 ല്‍ പുറത്തിറങ്ങിയ ഖയാല്‍ ഗാഥയും 1991 ല്‍ പുറത്തിറങ്ങിയ ഭവനതരണയുമുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ടാഗോറിന്റെ ഛാര്‍ അധ്യായ് എന്ന നോവല്‍ അദ്ദേഹം സിനിമയാക്കിയിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല സാഹ്നി ശ്രദ്ധേയനായത് അദ്ദേഹം ഒരു നല്ല അധ്യാപകനും എഴുത്തുകാരനുമായിരുന്നു. 'ദ ഷോക്ക് ഓഫ് ഡിസയര്‍ ആന്‍ഡ് അദര്‍ എസ്സെയ്‌സ്' അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്.
1940 ഡിസംബര്‍ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ദില്‍ ജനിച്ച സാഹ്നി വിഭജനത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബുരുദം നേടി. പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാ രചനയും സംവിധാനവും പഠിച്ചു. ഈ കാലത്താണ് സാഹ്നി ഋത്വിക്ക് ഘട്ടക്കിനെ കണ്ടുമുട്ടുന്നത്.