
പ്രശസ്ത സംവിധായകന്‍ മോഹന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ എണ്‍പതുകളിലെ മുന്‍ നിര സംവിധായകരില്‍ ഒരാളാണ്. 23 ചിത്രങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ന്യൂ വേവ് തരംഗത്തിന് തുടക്കം കുറിച്ച സംവിധായകന്‍ എന്നാണ് മോഹന്‍ അറിയപ്പെടുന്നത്.
1978 ല്‍ പുറത്തിറങ്ങിയ വാടകവീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കെത്തുന്നത്. സംവിധായകന്‍ എന്ന നിലയില്‍ മോഹനെ അടയാളപ്പെടുത്തുന്നത് രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ്. വിടപറയും മുമ്പേ എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായി എത്തുന്നത്. ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഇസബെല്ല, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളും ശ്രദ്ധേയമായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ദ ക്യാമ്പസ് എന്ന ചിത്രമാണ് അവസാനമായി ചെയ്തത്.
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച അദ്ദേഹം വിദ്യാഭ്യാസത്തിനൊപ്പം തന്നെ സിനിമയും മുന്നോട്ടുകൊണ്ടുപോയി. അങ്ങനെയൊരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. തിരുവനന്തപുരത്ത് നടന്ന എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡോക്യുമെന്ററിയുടെ പ്രദര്‍ശോനോദ്ഘാടന ചടങ്ങില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹം കുഴഞ്ഞുവീണിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.