
ബഹിരാകാശ നിലയത്തോട് വിട; സുനിത വില്ല്യംസും സംഘവും യാത്ര തിരിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി ഒമ്പത് മാസം നിലയത്തില്‍ തങ്ങേണ്ടി വന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര തിരിച്ചു. സുനിതയും വില്‍മോറും മറ്റ് രണ്ട് യാത്രികരും കയറിയ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള ബന്ധം വേര്‍പെടുത്തി. കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുകൂലമായായല്‍ നാളെ പുലര്‍ച്ചെ 3.30 ഓടെ ഇവര്‍ ഭൂമിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണിലാണ് സുനിതാ വില്ല്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഈ പേടകത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവരെ നിലയത്തിൽ വസിപ്പിക്കാന്‍ നാസ തീരുമാനിക്കുകയും സ്റ്റാര്‍ലൈനറിനെ ഭൂമിയിലേക്ക് കാലിയായി തിരിച്ചെത്തിക്കുകയും ചെയ്തു.
ഭൂമിയിലേക്കുള്ള യാത്രയ്ക്ക് 17 മണിക്കൂറുകള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെസ്‌കിക്കോ ഉള്‍ക്കടലിലോ പേടകം പതിക്കും.
ഇവരുടെ സഹയാത്രികരായ ഹേഗും ഗോര്‍ബുനോവും സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ സെപ്തംബറിലാണ് നിലയത്തിലെത്തിയത്. ക്രൂ 9 എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.


