TMJ
searchnav-menu
post-thumbnail

രാകേഷ് ടിക്കായത്ത് | Photo: PTI

TMJ Daily

കർഷക സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചു; ഡോർസിയുടെ അവകാശവാദത്തെ പിന്തുണച്ച് കർഷക നേതാവ്

13 Jun 2023   |   2 min Read
TMJ News Desk

ർഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സർക്കാരിനെ വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. 2020-21ൽ കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെയുള്ള കർഷകർ നടത്തിയ സമരത്തെ ഇല്ലാതാക്കാൻ നോക്കിയ നടപടികളിലൊന്നായിരുന്നു മുൻ സിഇഒയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ''കർഷകരുടെ പ്രതിഷേധത്തിൽ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നില്ലെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിരുന്നു. സർക്കാർ അവരുടെ വഴികളിലൂടെ സമരം തടയാൻ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ കർഷകർ തന്നെ വിജയിച്ചു" അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനെ വിമർശിച്ച് ട്വിറ്റർ സിഇഒ

വിദേശ രാജ്യങ്ങളിൽ നിന്നോ ഭരണകൂടങ്ങളിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോർസി ഇക്കാര്യം വ്യക്തമാക്കിയത്. 'കർഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സർക്കാരിനെ വിമർശിച്ച ചില മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടേയും അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മർദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയിൽ ട്വിറ്റർ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നുൾപ്പെടെ ഭീഷണിയുയർന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടർ മുന്നറിയിപ്പു നൽകി', ഡോർസി പറഞ്ഞു.

ഡോർസിയുടെ ആരോപണം കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റുപിടിച്ചതോടെ പ്രതികരണവുമായി സർക്കാർ രംഗത്തെത്തി. ഡോർസിയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഡോർസിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യൻ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡോർസി പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടുത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യക്ക് അവകാശമുണ്ട്. 2021 ജനുവരിയിൽ നടന്ന കർഷക സമരത്തിനിടെ വംശഹത്യകൾ നടന്നു എന്നതുൾപ്പടെ നിരവധി വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ട്വിറ്ററിന് വിലങ്ങിട്ട് കേന്ദ്രസർക്കാർ

പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കവും പ്രചരിപ്പിച്ചെന്ന കേന്ദ്രസർക്കാരിന്റെ ആരോപണത്തെ തുടർന്ന് ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരുന്നു. 'കർഷകവംശഹത്യ' എന്ന ഹാഷ്ടാഗിൽ ആദ്യം ട്വീറ്റ് ചെയ്ത 257 ഹാൻഡിലുകളിൽ 126 എണ്ണം മരവിപ്പിച്ചു. തുടർന്ന് 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. സർക്കാർ നിർദേശം പാലിക്കാത്ത പക്ഷം നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ട്വിറ്ററിന് നൽകിയിരുന്നു. ഇതേത്തുടർന്നാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്റർ നടപടികൾ സ്വീകരിച്ചത്.

ഇതാദ്യമായല്ല ട്വിറ്റർ ഇന്ത്യാ ഗവൺമെന്റുമായി കൊമ്പുകോർക്കുന്നത്. 2021 മെയ് മാസത്തിൽ, സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നീരിക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഒരാളെ നിയമിക്കണമെന്ന നിയമം സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നിയമം നടപ്പാക്കാതെ മാസങ്ങളോളം വൈകിപ്പിച്ചു. നിയമത്തിനെതിരെ സർക്കാരുമായി നിയമപോരാട്ടം നടത്തിയെങ്കിലും അവസാനം ഉദ്യോഗസ്ഥനെ നിയമിക്കേണ്ടി വന്നു.


#Daily
Leave a comment