TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സമരകാഹളമുയര്‍ത്തി കര്‍ഷകര്‍

15 Mar 2023   |   1 min Read
TMJ News Desk

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിനു ശേഷം രാജ്യത്തെ കര്‍ഷകര്‍ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുകയാണ്. ഡല്‍ഹിയും മഹാരാഷ്ട്രയുമാണ് ഇപ്പോള്‍ കര്‍ഷക സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഒത്തുകൂടി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. പഞ്ചാബിലെ അഞ്ച് കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുക, കേന്ദ്രം ഉറപ്പുനല്‍കിയ താങ്ങുവില നല്‍കുക എന്ന ആവശ്യങ്ങളാണ് അവര്‍ പ്രധാനമായും മുന്നോട്ടു വെച്ചത്. മറ്റൊരു സംഘം ഈ ആവശ്യങ്ങളുന്നയിച്ച് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിവേദനം നല്‍കുകയും ചെയ്തു. പഞ്ചാബിലെ കൃഷിക്ക് വേണ്ടുന്ന ജലം നല്‍കാതെ, അത് രാജസ്ഥാനിലേക്കും ഡല്‍ഹിയിലേക്കും തിരിച്ചുവിടുന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. താങ്ങുവില നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

മഹാരാഷ്ട്രയും വമ്പിച്ച കര്‍ഷക പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ചേര്‍ന്ന് മുംബൈ നഗരത്തിലേക്ക് കാല്‍നടയായി പ്രതിഷേധ ജാഥ നടത്തുകയാണ്. ഇരുപതിനായിരത്തോളം കര്‍ഷകരാണ് ജാഥയില്‍ പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച നാസിക്കില്‍ നിന്ന് തുടങ്ങിയ ജാഥ, 20ന് മുംബൈ നഗരത്തില്‍ എത്തിച്ചേരും.

ഉള്ളിക്ക് താങ്ങുവില ഉറപ്പിക്കുക, കാര്‍ഷിക-പാല്‍ ഉല്‍പ്പന്നങ്ങള്‍ ന്യായ വില നല്‍കുക, വൈദ്യുതി സബ്‌സിഡി, ഫോറസ്റ്റ് റൈറ്റ്‌സ് നിയമം നടപ്പാക്കുക, ആദിവാസികളുടെ അവകാശങ്ങള്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആയിരക്കണക്കിന് കര്‍ഷകര്‍ മുംബൈ നഗരത്തിലേക്ക് നീങ്ങുന്നത്. അസംഘടിത മേഖലയിലെ മറ്റു തൊഴിലാളികളും ആശാ വര്‍ക്കര്‍മാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2018 ല്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ചിന് ശേഷം നടക്കുന്ന മൂന്നാമത്തെ പ്രധാന കര്‍ഷക സമര ജാഥയാണ് ഇത്. സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.


#Daily
Leave a comment