PHOTO: PTI
പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍; വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ച്
വിളകള്‍ക്ക് നിയമാനുസൃത താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍നിന്ന് പുനരാരംഭിച്ചു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവ മാത്രം പഴയ താങ്ങുവിലയില്‍ അഞ്ചു വര്‍ഷത്തേക്ക് സംഭരിക്കാമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചത്.
കര്‍ഷകര്‍ക്ക് അനുകൂലമല്ലാത്ത കേന്ദ്രനയം
23 വിളകള്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കി താങ്ങുവില നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശപ്രകാരമുള്ള സി ടു പ്ലസ് 50 ശതമാനം ഫോര്‍മുല നടപ്പാക്കുക, കാര്‍ഷികവായ്പയ്ക്ക് ഇളവനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഞായറാഴ്ച നടന്ന നാലാംവട്ട ചര്‍ച്ചയില്‍ കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
ട്രാക്ടറുകളും, ഇരുമ്പു പടച്ചട്ടയും, ചണച്ചാക്കുകളുമടക്കം പൊലീസ് ആക്രമണത്തെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ കര്‍ഷകര്‍ ഒരുക്കിയിട്ടുണ്ട്. അതിനിടെ ട്രാക്ടര്‍ ട്രോളികള്‍ക്ക് ഹൈവേയില്‍ അനുമതിയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.