P K VIJAYAN | PHOTO WIKI COMMONS
സിദ്ധാര്‍ത്ഥന്‍ കേസിലെ 11-ാം പ്രതിയുടെ പിതാവ് മരിച്ച നിലയില്‍
പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാളായ ആദിത്യന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിള്ളപ്പെരുമണ്ണ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപകനായ പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് വിജയനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സിദ്ധാര്‍ത്ഥന്റെ മരണം
ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാര്‍ത്ഥനെ ക്യാമ്പസ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സിദ്ധാര്‍ത്ഥനെ ക്രൂര മര്‍ദനത്തിനിരയാക്കിയതായി കണ്ടെത്തുകയായിരുന്നു. സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലാകുന്നത് മാര്‍ച്ച് 2 നാണ്. 18 പേരെയായിരുന്നു കേസില്‍ പൊലീസ് പ്രതിചേര്‍ത്തത്. സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാര്‍ച്ച് 2 നാണ് ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ആദിത്യത്തിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.