TMJ
searchnav-menu
post-thumbnail

TMJ Daily

പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാന്‍ പെണ്‍കരുത്ത് 

11 Jun 2023   |   2 min Read
TMJ News Desk

കാലാവസ്ഥാമാറ്റം മൂലം രൂക്ഷമാവുന്ന വേലിയേറ്റവും, വെള്ളപ്പൊക്കവും നേരിടാൻ ശാസ്ത്രീയവും, പാരമ്പരാഗതവുമായ അറിവുകളും പ്രയോഗങ്ങളും ഉപയോഗപ്പെടുത്തണമെന്ന് ജനപ്രതിനിധികളും സാങ്കേതിക വിദഗ്ധരും. എറണാകുളം ജില്ലയില്‍ വേലിയേറ്റ-വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഏഴിക്കര, പുത്തന്‍വേലിക്കര, കുമ്പളങ്ങി പഞ്ചായത്തുകളിലെ വേലിയേറ്റവുമായി ബന്ധപ്പെട്ട ഭൂപട നിര്‍മാണം സംബന്ധിച്ച ദ്വിദിന പ്രവര്‍ത്തിപരിചയ-പരിശീലന പരിപാടിയിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്. മൂന്നു പഞ്ചായത്തുകളിലെയും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഉല്‍ഘാടന ദിവസം മുഖ്യപ്രഭാഷണം നടത്തി.

ശാസ്ത്രീയവും പരമ്പരാഗതവുമായ അറിവുകളെയും പ്രയോഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി തയാറാക്കണമെന്ന് ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിന്‍സെന്റ് പറഞ്ഞു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പിലും പരിശീലന പരിപാടിയിലും എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെയും പ്രതിനിധികള്‍ക്കു പുറമെ കേരളത്തില്‍ നിന്നുള്ള വിദഗ്ധരും, സാമൂഹ്യ ശാസ്ത്രജ്ഞരും പങ്കെടുത്തു.

വേലിയേറ്റ-വെള്ളപ്പൊക്ക ഭീഷണി ചെറുക്കാന്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടായി എറണാകുളത്തെ തീരദേശ ഗ്രാമങ്ങളെ വേലിയേറ്റം ബാധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വീടുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ആഘാതത്തിന് കാരണമായതായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായി ബദല്‍ സംവിധാനമെന്നോണം ഒരുകൂട്ടം വിദഗ്ധരുടെ നേതൃത്വത്തില്‍ വിപുലമായ പരിശീലന പരിപാടികള്‍ നടന്നു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജനങ്ങളെ പ്രാപ്തരാക്കുന്നതിനാണ് പദ്ധതിയുടെ ഊന്നല്‍.

ഈ മേഖലയില്‍ ശാസ്ത്രീയമായ നിഗമനങ്ങളും പരിഹാരങ്ങളും നിര്‍ദേശിക്കുന്ന EQUINOCT ല്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം ഈ പഞ്ചായത്തുകളിലെ 15,000 ത്തോളം വീടുകള്‍ക്ക് വേലിയേറ്റ വെള്ളപ്പൊക്ക കലണ്ടറുകള്‍ വിതരണം ചെയ്തു. അതിലൂടെ അവരുടെ വീടുകളില്‍ നിരന്തരമായ നിരീക്ഷണം ഉണ്ടാകും.

കമ്മ്യൂണിറ്റി മാപ്പിംഗ്, കമ്മ്യൂണിറ്റി തിയേറ്റര്‍, കമ്മ്യൂണിറ്റി വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പങ്കാളിത്ത മാതൃകയും ആറുമാസം ദൈര്‍ഘ്യമുള്ള വര്‍ക്‌ഷോപ്പുകളും പരിശീലന സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്.

അഞ്ച് രീതിയിലാണ് മാപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുക. ഉയര്‍ന്ന വേലിയേറ്റ ബാധിത പ്രദേശങ്ങളുടെ പങ്കാളിത്ത റിസോഴ്‌സ് മാപ്പിംഗ്, വാക്കാലുള്ള വിവരണങ്ങളും ചരിത്രപരമായ താല്ക്കാലിക വിശകലനവും ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളുടെ ചരിത്രപരമായ സമയവിശകലനം, സമയഉപയോഗ കലണ്ടറുകള്‍ ഉപയോഗിച്ച് കാലാവസ്ഥാ ദുരന്തങ്ങള്‍ മനസ്സിലാക്കല്‍, കാലാവസ്ഥാ ദുരന്തങ്ങള്‍ മനസ്സിലാക്കാനുള്ള സംവിധാനം, ഔപചാരികവും അനൗപചാരികവുമായ പ്രാദേശിക സ്ഥാപനങ്ങളുടെ സേവന വിതരണം, ഫലപ്രാപ്തി, കാര്യക്ഷമത എന്നിവയെക്കുറിച്ചുള്ള പ്രാദേശിക സമൂഹത്തിന്റെ ധാരണ മനസ്സിലാക്കാനുള്ള വിശകലനം എന്നിവയാണ് അവ.

കാലാവസ്ഥാ ദുരന്ത മേഖലകളിലെ ഏതൊരു പ്രശ്‌നത്തിനും സൂക്ഷ്മതലത്തിലുള്ള ഡാറ്റയും പ്രാദേശിക തലത്തില്‍ പരിശീലനം ലഭിച്ച ഒരു കൂട്ടം കമ്മ്യൂണിറ്റിയിലും പുതിയ സംവിധാനം ഒരുക്കും. ഇതിലേക്കായി പ്രാദേശികതലം മുതല്‍ ഡാറ്റ ശേഖരിക്കാനും ക്രോഡീകരിക്കാനും ജില്ലാ തലത്തില്‍ വനികളെ സജ്ജരാക്കിയിട്ടുണ്ട്.

ദുരന്തം വിഴുങ്ങുന്ന തീരങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടല്‍നിരപ്പ് ഉയരുന്നതും കടലിന്റെ താപനില വര്‍ധിക്കുന്നതും മറ്റും തീരദേശത്ത് പലതരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ വളരെ ഗുരുതരമാണ് വേലിയേറ്റ സമയങ്ങളിലെ വെള്ളക്കെട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം കയറിയിരുന്ന വൃശ്ചികവേലിയേറ്റമെന്ന വൃശ്ചികപ്പൊക്കം കുറച്ചു വര്‍ഷങ്ങളായി വ്യാപ്തിയിലും അളവിലും ദിവസങ്ങളുടെ എണ്ണത്തിലും വര്‍ധിച്ച് ജൂണ്‍ വരെ എത്തി. 2018 ലെ പ്രളയത്തിനുമുമ്പ് വളരെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഓരുവെള്ളപ്പൊക്കം ഇന്ന് തീരദേശത്തെ മുഴുവന്‍ നശിപ്പിക്കുന്ന തരത്തിലായിക്കഴിഞ്ഞു. ജില്ലയുടെ തീരപ്രദേശത്തെ കായലുകളാല്‍ ചുറ്റപ്പെട്ട ഏഴിക്കര, പുത്തന്‍വേലിക്കര, കുമ്പളങ്ങി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.

ഏഴിക്കര, പുത്തന്‍വേലിക്കര, കുമ്പളങ്ങി പഞ്ചായത്തുകളില്‍ രൂപപ്പെടുന്ന ഈ മാതൃക കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ തീരദേശ മേഖലകളിലും പരീക്ഷിക്കാവുന്ന തലത്തില്‍ വികസിപ്പിക്കാനാവുമെന്ന് കരുതപ്പെടുന്നു.


#Daily
Leave a comment