PHOTO: WIKI COMMONS
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ്; താല്പര്യപത്രം ക്ഷണിച്ച് മാരിടൈം ബോര്‍ഡ്
കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ നീക്കം. കേരള-ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ തേടി കേരള മാരിടൈം ബോര്‍ഡ് കൊച്ചിയില്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വിമാനയാത്രാക്കൂലിയെക്കാള്‍ താഴ്ന്ന നിരക്കില്‍ യാത്ര ചെയ്യാവുന്ന സര്‍വീസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള ചര്‍ച്ചയില്‍ പറഞ്ഞു.സിംഗപ്പൂര്‍, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് കപ്പല്‍ കമ്പനികള്‍ ഇതില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ താല്പര്യമുള്ള കമ്പനികളില്‍നിന്നു താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള കേരള മാരിടൈം ബോര്‍ഡിന്റെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മാറിമാറി വന്ന സര്‍ക്കാരുകള്‍ പരിഗണിച്ചിരുന്ന പദ്ധതി ഇനി വൈകില്ലെന്ന് ജനുവരിയില്‍ മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് താല്പര്യപത്രം ക്ഷണിച്ചത്. ഏപ്രില്‍ 22 വരെ താല്പര്യപത്രം സമര്‍പ്പിക്കാം.
കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ മൂന്നുദിവസം
കോഴിക്കോടുനിന്ന് ദുബായ് തുറമുഖം വരെ മൂന്നുദിവസം കൊണ്ടും, കൊച്ചി വഴി ചുറ്റിയാണെങ്കില്‍ മൂന്നര ദിവസംകൊണ്ടും പൂര്‍ത്തിയാകുന്ന രീതിയില്‍ കപ്പലിന് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫില്‍നിന്ന് മൂന്നോ നാലോദിവസംകൊണ്ട് വിഴിഞ്ഞം, ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ എത്താവുന്നവിധം സര്‍വീസ് ക്രമീകരിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും പദ്ധതിയുടെ വിശദാംശങ്ങളുമാണ് ഇന്നലെ നടന്ന ചര്‍ച്ചയിലുണ്ടായത്. 10,000 രൂപയില്‍ താഴെയുള്ള ടിക്കറ്റ് നിരക്കില്‍ യാത്ര സാധ്യമാകുമെന്നാണു ബോര്‍ഡിന്റെ അവകാശ വാദം. 1,200 പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള കപ്പലുകളാണ് പരിഗണിക്കുന്നത്.