REPRESENTATIONAL IMAGE | WIKI COMMONS
നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയും; പഠനം പുറത്തുവിട്ട് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മിക്കരാജ്യങ്ങളിലെയും ഫെര്‍ട്ടിലിറ്റി നിരക്ക് വലിയ രീതിയില്‍ കുറയുമെന്ന് പഠനം. 2100 ആകുമ്പോഴേക്ക് 204 രാജ്യങ്ങളില്‍ 198 എണ്ണത്തിലും ജനസംഖ്യ കുറയുമെന്നും ഭൂരിഭാഗം ജനനങ്ങളും നടക്കുക ദരിദ്ര രാജ്യങ്ങളില്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് നടത്തിയ പഠനമനുസരിച്ച് 2100 ല്‍ ജനിക്കുന്ന രണ്ട് കുട്ടികളില്‍ ഒന്ന് സബ് സഹാറന്‍ ആഫ്രിക്കയിലായിരിക്കും. സൊമാലിയ, ടോംഗ, നൈജര്‍, ഛാഡ്, സമോവ, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രമേ ജനസംഖ്യ നിലനിര്‍ത്താന്‍ സാധിക്കുവെന്നും പഠനം ചൂണ്ടികാട്ടുന്നു.
ഫെര്‍ട്ടിലിറ്റി നിരക്കിലെ ഈ ഭാവി പ്രവണതകള്‍ ആഗോളസമ്പത്‌വ്യവസ്ഥയെ പുനഃക്രമീകരിക്കുകയും സമൂഹങ്ങളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഐഎച്ച്എംഇയിലെ ലീഡ് റിസേര്‍ച്ച് സൈന്റിസ്റ്റായ നതാലിയ വി ഭട്ടാചാരി പറഞ്ഞു. ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ കൈകാര്യം ചെയ്യുന്നതായിരിക്കും സബ് സഹാറന്‍ ആഫ്രിക്കയിലെ രാജ്യങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ഐഎച്ച്എംഇയിലെ ആക്ടിംഗ് അസിസ്റ്റന്റ് പ്രൊഫസറായ ഓസ്റ്റിന്‍ ഇ ഷുമാക്കര്‍ അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്, ഇന്‍ജ്വറീസ്, റിസ്‌ക് ഫാക്ടര്‍ സ്റ്റഡീസ് എന്നിവയുമായി ബന്ധപ്പെട്ട് 1950 നും 2021 നും ഇടയില്‍ ശേഖരിച്ച സര്‍വേകള്‍, സെന്‍സസ് ഡാറ്റ, മറ്റ് വിവര സ്രോതസ്സുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 8,000 ത്തിലധികം ശാസ്ത്രജ്ഞരാണ് പഠനത്തില്‍ പങ്കെടുത്തത്.