
രൂക്ഷമായ ഭരണ-പ്രതിപക്ഷ ബഹളം; നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു
ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളം രൂക്ഷമായതോടെ നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്നാണ് ആരംഭിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് നിയമസഭാസമ്മേളനം ആരംഭിച്ചത്. നക്ഷത്രമിട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്നും നീക്കം ചെയ്തതിനായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളായതിനാലാണ് നക്ഷത്രമിട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്നൊഴിവാക്കിയതെന്ന് സ്പീക്കർ എ എൻ ഷംസീർ മറുപടി നൽകി.സഭയിൽ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നത് വരെ ചോദ്യങ്ങളെ സംബന്ധിച്ച് പ്രതികരണമോ പ്രചരണമോ പാടില്ലെന്ന് നിയമസഭാ ചട്ടമുണ്ടെന്നും, എന്നാൽ പ്രതിപക്ഷം ഇത് പാലിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് സ്പീക്കറിനെതിരെ ബാനറുകളുയർത്തിക്കൊണ്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ചൂരൽമല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നതിനിടയിൽ പ്രതിഷേധം ഉയർന്നു. പ്രതിഷേധം തുടർന്നെങ്കിലും അത് വകവെക്കാതെ മുഖ്യമന്ത്രി മറുപടി നൽകുന്നത് തുടർന്നു. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. പ്രതിഷേധത്തിന് ശേഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചുകൊണ്ട് പ്രതിപക്ഷം സഭ വിട്ടു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും, പി ആർ വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയും, മലപ്പുറം വിവാദവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.
വി ഡി സതീശൻ സ്പീക്കറിനെ അധിക്ഷേപിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ നിലപാടാണെന്നും, പ്രതിപക്ഷ നേതാവിന്റെ അഹന്ത സഭയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.


