
മുൻകളിക്കാരുടെ സഹായധനം ഒരുവർഷമായി നൽകാതെ ഫിഫ
കളിക്കാർക്ക് നൽകാമെന്ന് ഉറപ്പ് നൽകിയ തുകയുടെ അവസാന ഗഡു ഇനിയും ഫിഫ നൽകിയിട്ടില്ലെന്ന് ബിബിസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. തൊഴിൽ നഷ്ടപ്പെട്ടതും, വിരമിച്ചതുമായ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കളിക്കാർക്ക് നൽകാൻ തീരുമാനിച്ച തുകയിലാണ് ഫിഫ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 2020ൽ സ്ഥാപിച്ച ഫിഫയുടെ ഫണ്ട് ഫോർ പ്ലെയേഴ്സിലൂടെയാണ് (FIFA Fund For Players) ഇത്തരത്തിലൊരു തുക നൽകാൻ തീരുമാനിച്ചത്. 2023 സെപ്റ്റംബറിൽ നൽകേണ്ട തുകയാണ് ഇനിയും നൽകാതിരിക്കുന്നത്.
ഒരു രാജ്യത്തിന്റെ യൂണിയൻ അയച്ച ഇമെയിലിൽ നിന്നുമാണ് ബിബിസി സ്പോർട്ടിന് ഇതിന്റെ വിവരങ്ങൾ ലഭിച്ചത്. ഇതിൽ 30 കളിക്കാരുടെ പേര് വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും കളിക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നുണ്ടായിരുന്നു എന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. മൊത്തം 420 കളിക്കാർക്ക് 3.09 മില്യൺ പൗണ്ടുകളാണ് നൽകാനുള്ളത്. ഫിഫ്പ്രോ എന്ന കളിക്കാരുടെ യൂണിയനുമായി ചേർന്നാണ് ഫിഫ ഫണ്ട് രൂപീകരിച്ചത്. ഇത് ഏത് രാജ്യത്തിലെ യൂണിയന്റേതാണ് ഇമെയിലെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
നിലവിൽ രാജ്യാന്തര മത്സരങ്ങളുടെ ഫിക്സ്ചറുടെ കാര്യത്തിൽ ഫിഫ്പ്രോയുമായി ഫിഫ തർക്കത്തിലാണ്. ഫിഫയുടെ ഭാഗത്ത് നിന്നും കളിക്കാർക്ക് മേൽ കൂടുതൽ സമ്മർദ്ദമാണ് ഉണ്ടാകുന്നത്. മത്സരങ്ങളുടെ എണ്ണം വർധിക്കുന്നത് കളിക്കാരുടെ പ്രകടനങ്ങളെ ബാധിക്കുന്നുവെന്നും, അതിനാൽ അവർക്ക് പരിക്കേൽക്കുന്നുവെന്നും ഫിഫ്പ്രോ വിശ്വസിക്കുന്നു. അടുത്ത ക്ലബ് വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ആക്കി ഉയർത്തിയതിൽ ഫിഫ്പ്രോ അഭിപ്രായവ്യത്യാസം അറിയിച്ചു.