ദുരന്തത്തിന്റെ അഞ്ചാം ദിനം; കണ്ടെത്താനുള്ളത് 206 പേരെ
വയനാട്ടിലെ ദുരന്തത്തില്‍ രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 340 ആണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. കാണാമറയത്ത് അവശേഷിക്കുന്നത് 206 പേരാണ്.
മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ഉരുള്‍പൊട്ടലില്‍ പെട്ട് കിലോമീറ്ററുകളോളം ഒഴുകിയെത്തുന്ന മൃതശരീരങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആകെ 146 മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
ആറ് സോണുകളായി തിരിഞ്ഞ് തിരച്ചില്‍
മുണ്ടക്കൈയില്‍ ആറ് സോണുകളായി തിരിച്ചുള്ള തിരച്ചില്‍ തുടരുന്നു. അട്ടമലയും ആറന്മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാര്‍മല സ്‌കൂള്‍ അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരമാണ് ആറാമത്തെ സോണ്‍. സൈന്യം, എന്‍ഡിആര്‍എഫ്, നേവി, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുക. ഓരോ സംഘത്തിലും പ്രദേശവാസികളായ മൂന്നുപേരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും.