അമൃത്പാല്‍ സിങ്ങിനായി അഞ്ചാം ദിവസവും തിരച്ചില്‍
ഖാലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബ് പോലീസും കേന്ദ്രസേനകളും അസമിലുള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. അമൃത്പാല്‍ ഒളിവില്‍ കഴിയാന്‍ വേഷം മാറിയിട്ടുണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്ന് വിവിധ രൂപത്തിലുള്ള പ്രതിയുടെ ഏഴ് ചിത്രങ്ങള്‍ പഞ്ചാബ് പോലീസ് പുറത്തുവിട്ടു. ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അമൃത്പാല്‍ ഇതിനോടകം പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ജലന്തറില്‍ പോലീസിനെ വെട്ടിച്ചു കാറില്‍ കടന്ന അമൃത്പാല്‍, പ്രദേശത്തുള്ള ഗുരുദ്വാരയില്‍ ഒളിച്ചെന്നും പിന്നീടു വേഷം മാറി ബൈക്കില്‍ കടന്നുകളഞ്ഞെന്നും പഞ്ചാബ് ഐജി സുഖ്‌ചെയ്ന്‍ സിങ്ങ് ഗില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ കണ്ടെടുത്തു. ഇതില്‍ നിന്ന് തോക്ക്, വാള്‍ തുടങ്ങിയവ ലഭിച്ചു.
പോലീസിനെ വെട്ടിച്ചു കടക്കാന്‍ സഹായിച്ച നാലു പേരെക്കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. ഇതുവരെ 154 പേരെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ ബന്ധു അറസ്റ്റിലായ ഹര്‍ജിത് സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
അതേസമയം, അമൃത്പാലുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാല്‍ എങ്ങനെ കടന്നുകളഞ്ഞെന്നു ജഡ്ജി എന്‍.എസ് ശെഖാവത്ത് ചോദിച്ചു. ഇത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമൃത്പാലുമായി ബന്ധപ്പെട്ട വിശദറിപ്പോര്‍ട്ട് നാലു ദിവസത്തിനകം സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.