
2024-ല്‍ 54 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; മൂന്നിലൊന്നുപേരെയും കൊന്നത് ഇസ്രായേല്‍
2024-ല്‍ ലോകമെമ്പാടും ജോലിക്കിടയില്‍ 54 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും അവരില്‍ മൂന്നിലൊന്നു പേരേയും കൊലപ്പെടുത്തിയത് ഇസ്രായേലി സൈന്യം ആണെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍എസ്എഫ്) റിപ്പോര്‍ട്ട്.
ഈ വര്‍ഷം കൊല്ലപ്പെട്ട 18 മാധ്യമപ്രവര്‍ത്തകരുടെ മരണത്തിന് ഉത്തരവാദി ഇസ്രായേലിന്റെ സൈന്യമാണെന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പറയുന്നു. ഇതില്‍ 16 പേര്‍ ഗാസയിലും രണ്ടുപേര്‍ ലെബനനിലും ആണ് കൊല്ലപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യം പാലസ്തീന്‍ ആണെന്ന് ആര്‍എസ്എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഇവിടെയാണ്.
ഇസ്രായേലിന്റെ സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചെയ്തിട്ടുള്ള യുദ്ധ കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നാല് പരാതികള്‍ നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആക്രമണം ആരംഭിച്ചശേഷം ഗാസയില്‍ 145-ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. അതില്‍, 35 പേര്‍ ജോലി ചെയ്യുന്ന സമയത്താണ് കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രക്തച്ചൊരിച്ചില്‍ എന്നാണ് ഈ കൊലപാതകങ്ങളെ ആര്‍എസ്എഫ് വിശേഷിപ്പിക്കുന്നത്.
അതേസമയം, ലോകമെമ്പാടും 2024-ല്‍ 104 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് പ്രസിദ്ധീരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ പകുതിയില്‍ കൂടുതലും ഗാസയില്‍ ആണ്. തങ്ങളുടെ ജോലിക്കിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ് ആര്‍എസ്എഫ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്.
ആര്‍എസ്എഫ് റിപ്പോര്‍ട്ടിനെ ഇസ്രായേല്‍ തള്ളിക്കളയുന്നുണ്ടെങ്കിലും വ്യോമാക്രമണങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടുവെന്ന് അവര്‍ സമ്മതിക്കുന്നു. പാലസ്തീന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് പാകിസ്താനിലാണ് ഏഴ് പേര്‍. അഞ്ചുപേര്‍ വീതം ബംഗ്ലാദേശിലും മെക്‌സിക്കോയിലും കൊല്ലട്ടപ്പെട്ടു. 2023-ല്‍ ലോകമെമ്പാടും 45 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ലോകമെമ്പാടുമായി 550 മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ചു. മുന്‍വര്‍ഷം ഇത് 513 ആയിരുന്നു. 124 പേര്‍ ചൈനയിലും 61 പേര്‍ മ്യാന്‍മാറിലും 41 പേര്‍ ഇസ്രായേലിലും ജയിലില്‍ കഴിയുന്നു. നിലവില്‍ 55 മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 25 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണ് തട്ടിക്കൊണ്ട് പോയത്. ഈ വര്‍ഷം 95 മാധ്യമ പ്രവര്‍ത്തകരെ കാണാതായിട്ടുണ്ട്.