REPRESENTATIONAL IMAGE: WIKI COMMONS
ദേശീയപാര്‍ട്ടികളുടെ വരുമാനത്തില്‍ 59% വും രഹസ്യ ഉറവിടങ്ങളില്‍ നിന്ന്
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്കും കൂടി കഴിഞ്ഞവര്‍ഷം ലഭിച്ച ആകെ വരുമാനത്തില്‍ 59 ശതമാനവും
അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ്. ആരാണ് നല്‍കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തേണ്ടതില്ലാത്ത സംഭാവനകളെയാണ് അജ്ഞാത ഉറവിടത്തില്‍ നിന്നുള്ളതായി കണക്കാക്കുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകളും 20,000 രൂപയില്‍ താഴെയുള്ള വരുമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതില്ല.
വരുമാനത്തില്‍ ഭൂരിപക്ഷവും ബിജെപിക്ക്
ആറ് ദേശീയപാര്‍ട്ടികള്‍ക്കും കൂടി കഴിഞ്ഞവര്‍ഷം ലഭിച്ച ആകെ വരുമാനം 3076.88 കോടിയാണ്. അതില്‍ 59 ശതമാനവും (1832.87 കോടി) അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ്.
അജ്ഞാത ഉറവിടത്തില്‍നിന്ന് ലഭിച്ചതില്‍ 76.4 ശതമാനവും (1400.24) ബി.ജെ.പി.ക്കാണ്. ബാക്കി അഞ്ച് ദേശീയപാര്‍ട്ടികള്‍ക്കും കൂടി അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ലഭിച്ചത് 432.6 കോടിയാണ്.
കോണ്‍ഗ്രസിന് 171.02 കോടിയും ആം ആദ്മി പാര്‍ട്ടിക്ക് 45.45 കോടിയും ബോണ്ടിലൂടെ ലഭിക്കുകയും സി.പി.എമ്മിനും എന്‍.സി.പി.ക്കും ബോണ്ട് ലഭിച്ചിട്ടുമില്ല. അജ്ഞാത ഉറവിടത്തില്‍നിന്ന് ഒരു സംഭാവനയും ലഭിച്ചിട്ടില്ലെന്നാണ് ബി.എസ്.പി കമ്മീഷനെ അറിയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞമാസം പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍, അജ്ഞാത രാഷ്ട്രീയ ധനസഹായം നല്‍കുന്ന സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കുകയും ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വാങ്ങുന്നവരുടെ പേരും ബോണ്ടുകളുടെ മൂല്യവും വെളിപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.