REPRESENTATIONAL IMAGE | PHOTO: PTI
ഇറാഖിൽ ഐ.എസ് അടിമകളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനുള്ള പോരാട്ടം തുടരുന്നതായി റിപ്പോർട്ടുകൾ.
2014ൽ ആയിരക്കണക്കിന് യസീദി സ്ത്രീകളെയും കുട്ടികളെയും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടിമകളാക്കിയാതായി റിപ്പോർട്ടുകൾ. അവരുടെ സഹയാത്രികരായ യസീദികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഒരു ദശാബ്ദത്തിന് ശേഷവും ഈ ദൗത്യം പൂർത്തിയായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ.എസ് തടവിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയിൽ നിന്നാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.
റിപ്പോർട്ടുകൾ പ്രകാരം വടക്കൻ ഇറാഖിലെ സിൻജാർ ജില്ലയിലെ ഗ്രാമത്തിൽ നിന്നും ഐ.എസ് തീവ്രവാദികൾ നിരവധി യസീദി സ്ത്രീകളെ തടവിലാക്കിയിരുന്നു. അതിൽ ഒരാളാണ് ബഹാർ. ബഹാറിനെയും അവരുടെ മൂന്ന് കുട്ടികളേയും 2015 നവംബറോടെ അഞ്ച് തവണ ഐ.എസ് തീവ്രവാദികൾ വിറ്റിരുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തൽ. ബഹാറിന്റെ ഭർത്താവിനെയും മൂത്ത മകനെയും ഐ.എസ് തീവ്രവാദികൾ കൂട്ടി കൊണ്ട് പോയിരുന്നു. അതിന് ശേഷം ഇരുവരെയും വെടി വച്ച് കുഴിച്ചുമൂടിയതായി അവർ ആരോപിക്കുന്നു. ''തടവിലായതിന് ശേഷം ഐ.എസ് തീവ്രവാദികളുടെ സ്വത്തായി താൻ മാറി'' എന്നും ബഹാർ പറയുന്നു. തികച്ചും ഭയനാകമായ അനുഭവങ്ങളാണ് ഇവർ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിരന്തരമായ ശാരീരിക അക്രമണങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും ഈ കാലയളവിൽ 40 വയസ്സുകാരിയായ ബഹാർ ഇരയായി. പീഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷം സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ബഹാർ ഐ.എസ് തീവ്രവാദികളുടെ കൈകളിൽ നിന്നും രക്ഷപ്പെടുന്നത്. പക്ഷേ, റിപ്പോർട്ടുകൾ പ്രകാരം വർഷങ്ങളോളം ഇറാഖ്, സിറിയ മേഖലകളിൽ നരകയാതന അനുഭവിക്കുന്ന ആയിര കണക്കിന് സ്ത്രീകളിൽ ഒരാൾ മാത്രമാണ് ബഹാർ എന്ന ഞെട്ടിക്കുന്ന വസ്തുത ഇതിൽ ഒളിഞ്ഞിരിക്കുന്നു. ഏകദേശം 6000 വർഷങ്ങളായി ഇറാഖിൽ താമസിക്കുന്ന മതന്യൂനപക്ഷങ്ങളായ യസീദികളെ ഐ.എസ് തീവ്രവാദികൾ അവിശ്വാസികളായാണ് കണക്കാക്കുന്നത്.
എന്താണ് ഇറാഖിലെ യസീദികൾക്ക് സംഭവിക്കുന്നത്?
അവിശ്വാസികളായി ഐ.എസ് തീവ്രവാദികൾ കണക്കാക്കുന്ന യസീദികൾക്കെതിരെ വംശഹത്യയാണ് ഇറാഖിലും സിറിയയിലും സംഭവിക്കുന്നത്. ഐ.എസ്, സിൻജാർ പിടിച്ചെടുത്തതിന് ശേഷം ഏകദേശം 6400ലധികം യസീദി സ്ത്രീകളെയും കുട്ടികളെയും വിറ്റതായി റിപ്പോർട്ടുകളുണ്ട്. 5000 യസീദികൾ കൊല്ലപ്പെട്ട മറ്റൊരു സംഭവത്തെ യു.എൻ വംശഹത്യയെന്ന് വിശേഷിപ്പിക്കുകയുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് 1 ലക്ഷത്തിലധികം യസീദികൾ സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകാനാകാതെ അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. ഐ.എസ് നിയന്ത്രിത മേഖലയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കിന്യാത്ത് എന്ന സംഘടനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിനോടൊപ്പം അവർ ഐ.എസിന്റെ കുറ്റ കൃത്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഐ.എസ് നിരവധി ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം ദുർഘടമാണെന്നും സന്നദ്ധ സംഘടനയിലെ അംഗങ്ങൾ പറയുന്നു. പ്രധാനമായും സ്ത്രീകളെയും കുട്ടികളെയും വിൽപ്പന ചരക്കാകുന്നത്, ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള സാമൂഹ്യമാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാം മുഖേനയാണ്. ''റാക്കയിൽ 12 വയസ്സായ, സുന്ദരിയായ അടിമ വിൽപ്പനയ്ക്ക്, കന്യകയല്ല'' എന്ന തലക്കെട്ടോടെയാണ് ഒരു വിൽപ്പനാ വിവരം ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ ചിത്രവും പരസ്യത്തോടൊപ്പം കൊടുത്തിരുന്നു. 13,000 ഡോളറാണ് (ഏകദേശം 10ലക്ഷം രൂപ) വില നിശ്ചയിച്ചിരുന്നത്.
രക്ഷാപ്രവർത്തനത്തിലെ വെല്ലുവിളികൾ
രക്ഷാപ്രവർത്തകരുടെ അഭിപ്രായമനുസരിച്ച് ഐ.എസ് തീവ്രവാദികൾ പുറത്തുവിടുന്ന സന്ദേശങ്ങളിൽ നിന്ന് അടിമകളാക്കപ്പെട്ടവരുടെ സ്ഥല വിവരങ്ങൾ കണ്ടെത്താൻ കഴിയും. സന്ദേശത്തിൽ പറയുന്ന പരിസര പ്രദേശങ്ങളിലെ വ്യക്തികളുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെടുകയും ഈ പറയുന്ന കുട്ടികളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, പെൺകുട്ടികളെ കണ്ടെത്തുന്നതിന് ഇതൊരു ശ്രമകരമായ മാർഗ്ഗമല്ലെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടി കാട്ടുന്നു. ആൺകുട്ടികളെ കണ്ടെത്താൻ ഈ മാർഗം ശ്രമകരമാണ്. തടവിലാക്കിയ ആൺകുട്ടികളെ പല ആവശ്യങ്ങൾക്കുമായി പുറത്തേക്ക് വിടാനുള്ള സാധ്യത മുൻനിർത്തിയാണിത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളെ രക്ഷിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി, അവർ തനിച്ചായിരിക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കാനായി ഒരു കൂട്ടം കോഡുകളോ സിഗ്‌നലുകളോ ഉപയോഗിക്കേണ്ടി വരുമെന്നതാണ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് 6417 യസീദികൾ ഇതിനോടകം അടിമകളാക്കപ്പെട്ടിട്ടുണ്ട്. അതിൽ 3568 പേർ രക്ഷപ്പെട്ടു. എന്നാൽ യു.എൻ പിന്തുണയുള്ള ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം സ്ത്രീകളും കുട്ടികളുമടക്കം 2700 യസീദികളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബഹാറിന്റെ വിമോചനത്തിന് 20,000 ഡോളർ (ഏകദ്ദേശം 16ലക്ഷം രൂപ) മോചനദ്രവ്യം നൽകേണ്ടി വന്നിരുന്നു. തീവ്രവാദികളുടെ യഥാർത്ഥ ലക്ഷ്യം പണം മാത്രമാണെന്നുള്ളത്തിനുള്ള സൂചന കൂടിയാണിത്.
''എനിക്കീ യുദ്ധം തുടരുക തന്നെ വേണം, കാരണം ഈ നിമിഷത്തിൽ, ജീവിച്ചിരിക്കുന്ന മരിച്ചവരെ പോലെയാണ് നമ്മൾ'' അഭയാർത്ഥി ക്യാമ്പിൽ തുടരുന്ന ബഹാർ പറയുന്നു.