
സിറിയയില്‍ തുര്‍ക്കി അനുകൂലികളും കുര്‍ദുകളും തമ്മില്‍ പോരാട്ടം; 37 മരണം
സിറിയയില്‍ തുര്‍ക്കി അനുകൂലികളും കുര്‍ദ് സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തെ മന്‍ബിജ് മേഖലയിലാണ് സംഘര്‍ഷം നടന്നത്.
കുര്‍ദിഷ് പോരാളികള്‍ക്ക് എതിരായുള്ള ആക്രമണം വര്‍ദ്ധിപ്പിക്കുന്നത് തടയുന്നതിന് നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയുടെ സിറിയയിലുള്ള ആശങ്കകളെ പരിഹരിക്കുന്നതിന് പരിശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് പറഞ്ഞിരുന്നു.
കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സൈന്യവും (എസ്ഡിഎഫ്) തുര്‍ക്കിയുടെ പിന്തുണയുള്ള നാഷണല്‍ ആര്‍മി വിഭാഗവും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട കനത്ത പോരാട്ടം മന്‍ബിജില്‍ നടന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ആര്‍മി വിഭാഗങ്ങള്‍ തുര്‍ക്കിയുടെ വ്യോമസേനയുടെ പിന്തുണയോടെയാണ് ആക്രമണത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ മാസം മുതല്‍ മന്‍ജിബില്‍ കുറഞ്ഞത് 322 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് മോണിറ്റര്‍ പറയുന്നു. സിറിയയുടെ ഐക്യത്തേയും അഖണ്ഡതയേയും പിന്തുണയ്ക്കുന്നതായി യുഎസ് പിന്തുണയുള്ള എസ്ഡിഎഫിന്റെ നേതാവ് മസ്ലൗം അബ്ദി പറഞ്ഞു. സിറിയയിലുടനീളം വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താന്‍ സിറിയയുടെ പുതിയ ഭരണകൂടം ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.