TMJ
searchnav-menu
post-thumbnail

TMJ Daily

അംബേദ്കറുടെ രാഷ്ട്രീയ ഗുരുവിനെ കുറിച്ചുള്ള സിനിമയ്ക്കും ഭീഷണി; റിലീസ് മാറ്റി

11 Apr 2025   |   1 min Read
TMJ News Desk

ന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ ജ്യോതിറാവു ഫുലെയെക്കുറിച്ചുള്ള സിനിമ ബ്രാഹ്‌മണരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ചു. ഭരണഘടനാ ശില്‍പിയായ ഡോ ബി ആര്‍ അംബേദ്ക്കര്‍ തന്റെ രാഷ്ട്രീയഗുരുവായി കണക്കാക്കിയിരുന്ന ജ്യോതിറാവു ഫുലെയും ഭാര്യ സാവിത്രിബായി ഫുലെയും ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മാര്‍ഗദര്‍ശികളായി അറിയപ്പെടുന്നവരാണ്.

ഇവര്‍ കുട്ടികളെ പഠിപ്പിക്കാനായി പോകുമ്പോള്‍ ചാണകവും കല്ലും എറിഞ്ഞിരുന്ന മേല്‍ജാതിക്കാരുടെ പിന്‍ഗാമികളുടെ ഭീഷണികള്‍ മൂലം ഫുലെയെന്ന സിനിമയുടെ റിലീസ് രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത സിനിമ ഫുലെയുടെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്യാനിരുന്നത്.

മഹാരാഷ്ട്രയിലെ ബ്രാഹ്‌മണരുടെ എതിര്‍പ്പ് മൂലമാണ് സിനിമയുടെ റിലീസ് മാറ്റിയത്. സിനിമയില്‍ തങ്ങളുടെ സമുദായത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയിലെ ആശങ്കകള്‍ കാരണമാണ് ബ്രാഹ്‌മണര്‍ പ്രതിഷേധിക്കുന്നത്. തങ്ങളെ അപമാനിക്കുന്നതാണ് സിനിമയെന്ന് ചില സംഘടനകള്‍ ആരോപിച്ചു.

പ്രതീക് ഗാന്ധിയും പത്രലേഖകയുമാണ് സിനിമയില്‍ അഭിനയിക്കുന്നത്. 19ാം നൂറ്റാണ്ടിലെ ജാതി, ലിംഗ അനീതികള്‍ക്കെതിരെ പോരാടിയവരാണ് ജ്യോതിറാവും സാവിത്രിബായിയും.

സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ അനവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാതി സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വോയ്‌സ് ഓവര്‍ നീക്കം ചെയ്യാനും ബോര്‍ഡ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മഹര്‍, മാംഗ്, പേഷ്വാ, ജാതിയിലെ മനു സംവിധാനം പോലുള്ള വാക്കുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യാനും ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. കൂടാതെ ചില സംഭാഷണങ്ങളില്‍ മാറ്റം വരുത്തുകയും വേണം.

ആദ്യം സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. സിനിമയിലെ ചരിത്ര സത്യങ്ങളെ പിന്തുണയ്ക്കുന്ന രേഖകളും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.

സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തശേഷം സംവിധായകന്‍ ആനന്ദ് മഹാദേവന് ബ്രാഹ്‌മണ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് കത്തുകള്‍ അയച്ചു.

അഖില ഭാരതീയ ബ്രാഹ്‌മണ സമാജ്, പരശുറാം ആര്‍തിക് വികാസ് മഹാമണ്ഡല്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് പിന്നില്‍. സിനിമയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആനന്ദ് ബ്രാഹ്‌മണ സമുദായത്തിന്റെ പ്രതിനിധികളെ സന്ദര്‍ശിച്ചിരുന്നു. സിനിമയ്ക്ക് പിന്നില്‍ അജണ്ടകളില്ലെന്നും വസ്തുതകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആനന്ദ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കരണ സംഘടനകളിലൊന്നായ സത്യശോധക് സമാജിന്റെ സ്ഥാപകന്‍ കൂടിയാണ് ജ്യോതിറാവുഫുലെ.








#Daily
Leave a comment