.jpg)
സിനിമാതാരം ടി പി മാധവൻ അന്തരിച്ചു (1935 - 2024 )
സിനിമകളിലും സീരിയലുകളിലും ഒട്ടനവധി വേഷങ്ങൾ ചെയ്ത നടൻ ടി പി മാധവൻ അന്തരിച്ചു. 88 വയസ്സ് ആയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന നടൻ, കഴിഞ്ഞ കുറച്ചുനാളുകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഒരു കാലത്ത് മലയാള സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ടി പി മാധവൻ.
പ്രശസ്ത ചലച്ചിത്ര നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. ആദ്യം വില്ലൻ വേഷങ്ങളിൽ കൂടി അഭിനയം ആരംഭിച്ച മാധവൻ പിന്നീട് കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും ചെയ്തു. 1975ൽ റിലീസായ രാഗം എന്ന വിജയ സിനിമയിലൂടെയായിരുന്നു മലയാള സിനിമയിൽ അദ്ദേഹം തുടക്കം കുറിച്ചത്. 1994 മുതൽ 1997 വരെ മലയാളം സിനിമാ ആർട്ടിസ്റ്റുകളുടെ സംഘടനയായ എ എം എം എ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു.
40-ാം വയസ്സിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം മലയാളത്തിൽ 600ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം, ഹാപ്പി ഹസ്ബൻഡ്‌സ്, അയാളും ഞാനും തമ്മിൽ, മലബാർ വെഡിങ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ ഇറങ്ങിയ മാൽഗുഡി ദിനങ്ങൾ ആയിരുന്നു അവസാന ചലച്ചിത്രം.
സിനിമകൾക്കൊപ്പം മാധവൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്റെ മാനസപുത്രി, മന്ത്രകോടി, പ്രിയമാനസി,സ്വാമി അയ്യപ്പൻ, കടമറ്റത്തു കത്തനാർ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും അദ്ദേഹം തന്റേതായ അഭിനയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബോളിവുഡിൽ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണ് മകൻ രാജാ കൃഷ്ണ മേനോൻ.