
കിഫ്ബി റവന്യൂ ജനറേറ്റിങ് മോഡല്‍ ആക്കുമെന്ന് ധനമന്ത്രി
കിഫ്ബി റവന്യൂ ജനറേറ്റിങ് മോഡല്‍ ആക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
സഹകരണ ഭവന പദ്ധതി വഴി നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഇടത്തരം വരുമാനക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിങ് ബോര്‍ഡും പദ്ധതി നടപ്പിലാക്കും.
എംടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി അഞ്ചു കോടി രൂപ അനുവദിച്ചു.
സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിരെ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിങ്ങിന് രണ്ട് കോടി രൂപ മാറ്റിവച്ചു. സീപ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും നല്‍കി. വന്യജീവി ആക്രമണം തടയുന്നതിന് 50 കോടി രൂപ അനുവദിച്ചു.
കെഎസ്ആര്‍ടിസിക്ക് 178.94 കോടി രൂപ നല്‍കി. അത്യാധുനിക ബസുകള്‍ വാങ്ങുന്നതിനായി 107 കോടി രൂപയും നല്‍കും.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി രൂപ അനുവദിച്ചു. സൗജന്യ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപയും കൈറ്റിന് 35.5 കോടി രൂപയും വകയിരുത്തി. അര്‍ബുദ ചികിത്സയ്ക്കായി 152.5 കോടി രൂപ അനുവദിച്ചു.
ട്രക്കിങ് പ്രോത്സാഹനത്തിനായി വനയാത്രാ പദ്ധതിക്ക് മൂന്ന് കോടി രൂപ അനുവദിച്ചു. കരകൗശല മേഖലയ്ക്ക് 4.1 കോടി രൂപയും ചകിരിച്ചോര്‍ വികസന പദ്ധതിക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.
കുടുംബശ്രീക്ക് 270 കോടി രൂപയും കെ ഫോണിന് 100 കോടി രൂപയും അനുവദിച്ചു. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി രൂപ അനുവദിച്ചു.
ഐടി രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 517.64 കോടി രൂപയും വകയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ പുനുരുജ്ജീവിപ്പിക്കാന്‍ 275.20 കോടി രൂപയും അനുവദിച്ചു. നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.
ഡല്‍ഹയിലേയും മുംബൈയിലേയും മാതൃകയില്‍ ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കും.
ഫെല്ലോഷിപ്പുകള്‍ ഇല്ലാത്ത ഗവേഷകര്‍ക്കായി 20 കോടി രൂപ മാറ്റിവച്ചു. 10,000 രൂപ വീതം നല്‍കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കുന്നതിനായി 25 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കാന്‍ 21 കോടി രൂപ മാറ്റിവച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യം സ്ഥാപിക്കും.