PHOTO: PTI
സാമ്പത്തിക പ്രതിസന്ധി; കേരളത്തോടും കേന്ദ്രത്തോടും ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി
കേരളസര്‍ക്കാര്‍ ഉന്നയിച്ച സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേരളത്തോടും കേന്ദ്രത്തോടും ചര്‍ച്ച നടത്തിക്കൂടെയെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം കോടതിയെ അറിയിച്ചു. കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്. അടിയന്തരമായി കടം എടുക്കാന്‍ അനുവാദം വേണമെന്ന ആവശ്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം കോടതിയില്‍ ചൂണ്ടികാണിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുകൂടെയെന്ന് കോടതി ചോദിക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയം പൊതു ധനകാര്യ മേഖലയെ ബാധിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്.