
സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഓണച്ചെലവുകള്‍ വഴിയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ട്രഷറി നിയന്ത്രണത്തിന് കാരണം.
അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നല്‍കില്ല. നേരത്തെ 25 ലക്ഷമായിരുന്നു പരിധി. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരിധി അഞ്ച് ലക്ഷമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. നേരത്തെ ഓണച്ചിലവുകള്‍ക്കായി 4200 കോടിയോളം രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഏറെക്കാലമായി അഞ്ചു ലക്ഷമായിരുന്ന ബില്‍ മാറ്റ പരിധി ജൂണ്‍ 24 നാണ് 25 ലക്ഷമാക്കിയത്. ശമ്പളം, പെന്‍ഷന്‍, മരുന്നുവാങ്ങല്‍ ചെലവുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
37,512 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് ആകെ കടമെടുക്കാനാവുന്നത്. രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെയുമാണ് കേന്ദ്രം
വായപാ അനുമതി നല്‍കുന്നത്. ഇതില്‍ ഡിസംബര്‍ വരെ എടുക്കാവുന്ന 21,253 കോടി രൂപയും എടുത്ത് കഴിഞ്ഞു.