
AMIT SHAH | PHOTO WIKI COMMONS
ബിജെപി സ്ഥാനാര്‍ത്ഥിയുടെ സാമ്പത്തിക തട്ടിപ്പ് ; റോഡ് ഷോ റദ്ദാക്കി അമിത് ഷാ
സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയനായ ശിവഗംഗയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവിന് വേണ്ടിയുള്ള റോഡ് ഷോ റദ്ദാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥാനാര്‍ത്ഥിയുടെ മൈലാപ്പൂര്‍ ഹിന്ദു പെര്‍മനന്റ് ഫണ്ട് എന്ന ചിട്ടിക്കമ്പനി വഴി 525 കോടിയുടെ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. തട്ടിപ്പ് ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റകൃത്യവിഭാഗം ഇത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു.
300 കോടിയാണ് ദേവനാഥന്റെ സ്ഥാപനത്തിന്റെ ആസ്തി. സ്ഥാപനത്തില്‍ നിന്നും നല്‍കിയ ചെക്കുകളില്‍ പലതും മാറാനായില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നതായും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് സ്ഥാനാര്‍ത്ഥി പ്രതികരിച്ചിരുന്നു. സ്ഥാപനത്തില്‍ അയ്യായിരത്തിലധികം നിക്ഷേപകരാണുള്ളത്. അതില്‍ ഏറെയും വിരമിച്ച ജീവനക്കാരും മുതിര്‍ന്ന പൗരന്മാരുമാണെന്നാണ് വിവരം.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കി എന്നാരോപിച്ച് തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലില്‍ നിന്ന് 4 കോടി രൂപ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. 1500 കോടി വരുന്ന സ്വത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് നൈനാര്‍ സത്യവാങ്മൂലം നല്‍കിയതെന്നാണ് ആരോപണം.