
സാമ്പത്തിക തട്ടിപ്പ്; ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ 15 ദിവസമായി സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു.
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവശേഷം വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് ഘോഷിനെതിരെ ബലാത്സംഗ കൊലപാതകം, സാമ്പത്തിക ക്രമക്കേട് എന്നിവ സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളും സന്ദീപ് ഘോഷിനെതിരെ ചുമത്തിയിട്ടുണ്ട്.
21 ഫെബ്രുവരി മുതല്‍ 2023 സെപ്റ്റംബര്‍ വരെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ഒക്ടോബറില്‍ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളില്‍ തിരികെ ഇതേ മെഡിക്കല്‍ കോളജിലേക്ക് ഇയാള്‍ തിരിച്ചെത്തുകയായിരുന്നു. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതുവരെ സന്ദീപ് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ പദവിയില്‍ തുടര്‍ന്നിരുന്നു.


