
തീയണക്കാനെത്തിയവര്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തി
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിന് പണം കണ്ടെത്തി. വീട്ടില്‍ തീപിടിച്ചതിനെ തുടര്‍ന്ന് തീഅണയ്ക്കാനെത്തിയ അഗ്നിശമന ഉദ്യോഗസ്ഥരും പൊലീസുമാണ് പണം കണ്ടെത്തിയത്. ഒരു മുറിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം പിടിച്ചെടുത്തു.
ഇതേതുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായ കൊളീജിയം വിളിച്ചു ചേര്‍ത്ത് വര്‍മ്മയെ അലഹാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചു.
തീപിടിത്തം ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് അഗ്നിശമന സേനയേയും പൊലീസിനേയും വിളിച്ചു വരുത്തിയത്. തീയണച്ചു കഴിഞ്ഞശേഷമാണ് പണം കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ പണം കണ്ടെത്തിയ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് അധികൃതര്‍ കണ്ടെത്തിയത്.
2021 ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വര്‍മ്മ ഡല്‍ഹി ഹൈക്കോടതിയിലേക്ക് എത്തിയത്. വര്‍മ്മയെ തിരിച്ചയക്കുന്ന കാര്യത്തില്‍ അഞ്ചംഗ കൊളീജിയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും ഗുരുതരമായ വിഷയം സ്ഥലം മാറ്റത്തില്‍ ഒതുക്കുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ ബാധിക്കുക മാത്രമല്ല അതിനോടുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വര്‍മ്മയുടെ രാജി ആവശ്യപ്പെടണമെന്നും വിസമ്മതിച്ചാല്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്നും അഭിപ്രായം ഉയര്‍ന്നു.