
ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരെ എഫ്‌ഐആര്‍; ഹര്‍ജി സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന് ആരോപണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
ഈ ഹര്‍ജി 'പ്രീമെച്ച്വര്‍' ആണെന്ന് കോടതി പറഞ്ഞു. നിലവില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ അനവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും ജസ്റ്റിസുമാരായ അഭയ് ഓകയും ഉജ്ജ്വല്‍ ഭുയാനും പറഞ്ഞു.
ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കാം അല്ലെങ്കില്‍ പാര്‍ലമെന്റിന് ശുപാര്‍ശ നല്‍കാം എന്ന് കോടതി പറഞ്ഞു.
അതേസമയം, വര്‍മ്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു കൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് ഇറക്കി.
മാര്‍ച്ച് 14ന് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസുമാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ആരോപണം ഉയര്‍ത്തിയത്. സംഭവ സമയത്ത് താന്‍ ഭോപാലില്‍ ആയിരുന്നുവെന്നും പണം തന്റെയോ കുടുംബത്തിന്റെയോ അല്ലെന്നും പറഞ്ഞു. പൊലീസ് പകര്‍ത്തിയ കത്തിയ നോട്ടുകളുടെ ദൃശ്യങ്ങള്‍ സുപ്രീംകോടതി പുറത്തുവിട്ടിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്താതെ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിക്ക് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എതിരെ എഫ്‌ഐആര്‍ ഇടാന്‍ പാടില്ലെന്ന് 1991ല്‍ കെ വീരസ്വാമി കേസില്‍ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ നിയമം ബാധകമല്ലാത്ത പ്രത്യേക വിഭാഗം പുരുഷനെ/ സ്ത്രീയെ ഈ ഉത്തരവ് സൃഷ്ടിക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, വര്‍മ്മയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പഴയ വിധികള്‍ വായിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.