
സബ്‌സ്റ്റേഷനില്‍ തീപിടിത്തം; ബ്രിട്ടണിലെ ഹീത്രൂ വിമാനത്താവളം അടച്ചു
ബ്രിട്ടണിലെ ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള വൈദ്യുതി സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി ഉണ്ടായി തീപിടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഹീത്രൂവിലേയും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച്ച പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ലോകമെമ്പാടുമുള്ള നൂറ് കണക്കിന് വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചു.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ആണ് ഹീത്രൂ. ലോകത്തിലെ അഞ്ചാമത്തെ തിരക്കേറിയ വിമാനത്താവളവും ആണിത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും നിര്‍ദ്ദേശമുണ്ട്.
സമീപ പ്രദേശങ്ങളില്‍ നിന്നും 150 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
വിമാന യാത്രകളെ ട്രാക്ക് ചെയ്യുന്ന ഫ്‌ളൈറ്റ് റഡാര്‍24 എന്ന വെബ്‌സൈറ്റിന്റെ കണക്ക് അനുസരിച്ച് ഹീത്രൂവിലേക്ക് വരികയായിരുന്ന 120 ഓളം വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്ന് ഹീത്രൂവില്‍ 1,351 വിമാനങ്ങള്‍ ഇറങ്ങുകയും പുറപ്പെടേണ്ടിയും ഇരുന്നതാണ്. ബ്രിട്ടീഷ് എയര്‍വേസിന്റെ മാത്രം 341 വിമാനങ്ങള്‍ ഹീത്രൂവില്‍ ഇറങ്ങേണ്ടിയിരുന്നു. ലോകമെമ്പാടും വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്യുകയാണ്.


