ട്രെയിനിലെ തീവെപ്പ്; പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം കേരളത്തിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും
എലത്തൂർ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ കോഴിക്കോടെത്തി. യാത്രയ്ക്കിടയിൽ പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ കണ്ണൂരിലെ കാടാച്ചിറയിൽവച്ച് പഞ്ചറായി. ഒരു മണിക്കൂറിന് ശേഷമാണ് പ്രതിയെ മറ്റൊരു വാഹനത്തിൽ കയറ്റി കോഴിക്കോടിന് കൊണ്ടുപോയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേത്യത്വത്തിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ മഹാരാഷ്ട്ര എ.ടി.എസാണ് ഷാരൂഖിനെ പിടികൂടിയത്. കേരള പൊലീസിന് കൈമാറുന്നതിന് മുൻപായി എൻ.ഐ.എ.യും മഹാരാഷ്ട്ര എടിഎസും പ്രതിയെ ചോദ്യം ചെയ്തുവെന്ന സൂചനകളും ലഭിച്ചു. തുടർന്ന് വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയുമായി കേരള പൊലീസ് സംഘം യാത്ര തിരിക്കുകയായിരുന്നു.
ട്രെയിനിലെ തീവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മരിച്ച കെ പി നൗഫീഖ്, റഹ്‌മത്ത്, സഹറ എന്നിവരുടെ കുടുംബങ്ങൾക്കാണ് തുക നല്കുക.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ആക്രമണമുണ്ടായത്. 9.11 നാണ് ആലപ്പുഴയിൽ നിന്നെത്തിയ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്. കോരപ്പുഴ പാലത്തിലെത്തിയതോടെ കോച്ചിലേക്ക് കടന്ന് വന്നയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു. തീ ആളിപ്പടർന്നതോടെ കോച്ചിലെ യാത്രക്കാർ മറ്റ് കോച്ചുകളിലേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 8 പേർക്ക് പരുക്കേറ്റിരുന്നു. തീ പിടുത്തത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ നിലയിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
ദൃക്‌സാക്ഷിയുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കൂടാതെ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച നോട്ടുപുസ്തകം ഫോൺ എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.