ട്രെയിനിലെ തീവെപ്പ്; പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ
എലത്തൂർ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് ലഭിക്കുന്ന സൂചനകൾ. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം മഹാരാഷ്ട്രയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു. രേഖാചിത്രത്തിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്. മുഖ്യസാക്ഷിയായ റാസിഖ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെ ഉടൻ തന്നെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ആക്രമണമുണ്ടായത്. 9.11 നാണ് ആലപ്പുഴയിൽ നിന്നെത്തിയ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്. കോരപ്പുഴ പാലത്തിലെത്തിയതോടെ കോച്ചിലേക്ക് കടന്ന് വന്നയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു. തീ ആളിപ്പടർന്നതോടെ കോച്ചിലെ യാത്രക്കാർ മറ്റ് കോച്ചുകളിലേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 8 പേർക്ക് പരുക്കേറ്റിരുന്നു. തീ പിടുത്തത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ നിലയിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.