TMJ
searchnav-menu
post-thumbnail

TMJ Daily

ട്രെയിനിലെ തീവെപ്പ്; പ്രതിക്കായി വ്യാപക തിരച്ചിൽ

03 Apr 2023   |   2 min Read
TMJ News Desk

ലപ്പുഴ- കണ്ണൂർ എക്‌സ്പ്രസ് എക്‌സിക്യൂട്ടിവ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കേസിൽ നിർണായക സൂചനകൾ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം. ആർ അജിത്കുമാറാണ് സംഘത്തെ നയിക്കുക.

ഞായറാഴ്ച രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട ട്രെയിനിലാണ് ആക്രമണമുണ്ടായത്. 9.11 നാണ് ആലപ്പുഴയിൽ നിന്നെത്തിയ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെട്ടത്. കോരപ്പുഴ പാലത്തിലെത്തിയതോടെ കോച്ചിലേക്ക് കടന്ന് വന്നയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു. തീ ആളിപ്പടർന്നതോടെ കോച്ചിലെ യാത്രക്കാർ മറ്റ് കോച്ചുകളിലേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഞ്ച്പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ രണ്ട് പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.

പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലുമെഴുതിയ ദിനചര്യ കുറിപ്പ്, ടിഫിൻ ബോക്സ്, ഫോൺ എന്നിവയും പരിശോധിക്കുകയാണ്. ഇവ ശാസ്ത്രീയമായ പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു, ഒരു കുട്ടിയടക്കം മൂന്ന് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി. കോച്ചിൽ തീയിട്ടപ്പോൾ രക്ഷപ്പെടാനായി ചാടിയതിനെ തുടർന്നാകണം ഇവർ മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു. രേഖാചിത്രത്തിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യസാക്ഷിയായ റാസിഖ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വെളിപ്പെടുത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും കണ്ണൂരിലെത്തി നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അക്രമിയുടേതെന്ന തരത്തിൽ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ദൃശ്യങ്ങളിൽ കാണുന്നത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പരിസരവാസികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സിസിടിവിയിൽ കണ്ടെത്തിയ ആളെ പ്രതിയായി സംശയിച്ചത്. എന്നാൽ രാത്രി 12.15ന്റെ ട്രെയിനിൽ മംഗലാപുരത്ത് പോകുന്നതിനായി ട്രെയിൻ കയറാൻ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നെന്ന് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥി പറഞ്ഞു.

#Daily
Leave a comment