TMJ
searchnav-menu
post-thumbnail

കെവിന്‍ മെക്കാര്‍ത്തി | PHOTO: FLICKR

TMJ Daily

ചരിത്രത്തിലാദ്യമായി ജനപ്രതിനിധി സ്പീക്കറെ പുറത്താക്കി യുഎസ് 

04 Oct 2023   |   1 min Read
TMJ News Desk

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്താക്കി. 210 നെതിരെ 216 വോട്ടുകള്‍ക്കാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്‌ളോറിഡ പ്രതിനിധിയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ മറ്റ് ഗെയ്റ്റ്‌സാണ് മെക്കാര്‍ത്തിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 

208 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കൊപ്പം എട്ടു റിപ്പബ്ലിക്കന്‍ അംഗങ്ങളും സ്പീക്കര്‍ക്ക് എതിരെ വോട്ട് ചെയ്യുകയായിരുന്നു. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് ആധിപത്യം. സഭയില്‍ 221 റിപ്പബ്ലിക്കന്‍ അംഗങ്ങളും 212 ഡെമോക്രാറ്റിക് അംഗങ്ങളുമാണ് ഉള്ളത്. സര്‍ക്കാരിന്റെ അടിയന്തര ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ സ്പീക്കര്‍ ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ചേരിതിരിവിനും കാരണമായി. ഇതാണ് വോട്ടെടുപ്പിലും പ്രതിഫലിച്ചത്. 

തത്ക്കാലത്തേക്ക് പാട്രിക് മഹ്‌ഹെന്റി

മെക്കാര്‍ത്തിയെ പുറത്താക്കിയതിനു പിന്നാലെ നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മഹ്‌ഹെന്റിയെ താത്ക്കാലികമായി തിരഞ്ഞെടുത്തു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ പാട്രിക് മഹ്‌ഹെന്റി അധ്യക്ഷനായി തുടരും. അടുത്ത ആഴ്ചയ്ക്കുള്ളില്‍ പുതിയ സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധി സഭ സ്പീക്കറുടേത്. 2019 ല്‍ കെവിന്‍ മെക്കാര്‍ത്തിയായിരുന്നു റിപ്പബ്ലിക്കന്‍ നേതാവായി ജനപ്രതിനിധി സഭയില്‍ ഉണ്ടായിരുന്നത്. 2023 ജനുവരിയിലാണ് മെക്കാര്‍ത്തി സ്പീക്കര്‍ സ്ഥാനത്തേക്കെത്തുന്നത്. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തി സ്പീക്കറായി ചുമതലയേറ്റത്.


#Daily
Leave a comment