
അഞ്ച് മില്ല്യണ്‍ ഡോളറിന് യുഎസ് പൗരത്വം വാങ്ങാം
യുഎസില്‍ ധനികര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പുതിയ മാര്‍ഗം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 5 മില്ല്യണ്‍ ഡോളറിന് ഗോള്‍ഡ് കാര്‍ഡ് വാങ്ങിയാല്‍ പൗരത്വത്തിലേക്ക് വഴി തുറക്കും.
ഈ പദ്ധതി നിലവില്‍ വരുന്നതോടെ യുഎസില്‍ നിക്ഷേപിച്ചാല്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്ന പദ്ധതി അവസാനിക്കും.
കുടിയേറ്റക്കാരായ നിക്ഷേപകര്‍ക്കുള്ള വിസ പദ്ധതിയായ ഇബി-5ന് പകരമുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കുന്നവര്‍ക്ക് സ്ഥിരം പൗരന്‍മാരാകാം. യുഎസ് ബിസിനസില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ഇബി-5.
'നമ്മള്‍ ഗോള്‍ഡ് കാര്‍ഡ് വില്‍ക്കാന്‍ പോകുന്നു,' ട്രംപ് പറഞ്ഞു. 'ആ കാര്‍ഡിന് 5 മില്ല്യണ്‍ ഡോളര്‍ വിലയിടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ഗ്രീന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കുകയും അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഈ കാര്‍ഡ് വാങ്ങി ധനികര്‍ നമ്മുടെ രാജ്യത്തേക്ക് വരുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.
റഷ്യന്‍ പ്രഭുക്കന്‍മാര്‍ക്കും ഗോള്‍ഡ് കാര്‍ഡ് വാങ്ങിക്കാനാകുമെന്ന് ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രഭുക്കന്‍മാര്‍ നല്ല മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.