TMJ
searchnav-menu
post-thumbnail

TMJ Daily

അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് വോട്ടവകാശം

21 Apr 2025   |   1 min Read
TMJ News Desk

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തോടെ ആഗോള കത്തോലിക്കാ സഭയുടെ നേതൃ സ്ഥാനത്തേക്ക് വന്ന ഒഴിവ് നികത്താനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളവരില്‍ അഞ്ച് ഇന്ത്യാക്കാരും. ലോകമെമ്പാടുനിന്നുമുള്ള കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

നിലവിലെ പോപ്പ് മരിച്ചാല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാളെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. ഒമ്പത് ദിവസത്തെ ദുഖാചരണം കഴിഞ്ഞശേഷമാണ് അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്.

പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി കര്‍ദിനാള്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെ തങ്ങളിലൊരാളെ പോപ്പായി അവര്‍ തിരഞ്ഞെടുക്കും. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാനാകില്ല.

വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പ് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നും പുറത്ത് വിടും. അതിന്റെ നിറം നോക്കിയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തുവോ ഇല്ലയോ എന്ന് ലോകം മനസ്സിലാക്കുന്നത്. കറുത്ത പുക പുറത്ത് വന്നാല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുത്തില്ലെന്നും വെളുത്ത പുക വന്നാല്‍ കത്തോലിക്ക സഭയ്ക്ക് പുതിയ പോപ്പിനെ ലഭിച്ചുമെന്നും മനസ്സിലാക്കാം.

നിലവില്‍ 252 കര്‍ദിനാള്‍മാര്‍ ഉണ്ട്. എന്നാല്‍, ഇവരില്‍ 138 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടവകാശം ഇല്ല.

ഇന്ത്യയില്‍ നിന്നും ആറ് കര്‍ദിനാള്‍മാര്‍ ഉണ്ട്. അതില്‍ അഞ്ച് പേര്‍ക്ക് വോട്ട് ചെയ്യാം. കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്, കര്‍ദിനാള്‍ ഫിലിപെ നെറി ഫെറാവു, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് വോട്ടവകാശമുള്ളത്. 80 വയസ്സ് കഴിഞ്ഞ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് വോട്ട് ചെയ്യാനാകില്ല.



 

#Daily
Leave a comment