TMJ
searchnav-menu
post-thumbnail

TMJ Daily

മിന്നൽ പ്രളയം: ടെക്സസിൽ 24 പേർ മരിച്ചു

05 Jul 2025   |   1 min Read
TMJ News Desk

യുഎസിലെ ടെക്സസിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു. ടെക്സസിലെ ഗ്വാഡൽപെ നദിയിൽ വെള്ളിയാഴ്ച മഴമൂലം പെട്ടെന്ന് വെള്ളം ഉയർന്നതാണ് ദുരന്തത്തിനിടയായത്. നദീതീരത്ത് സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി. അവർക്കുള്ള തിരച്ചിൽ ആരംഭിച്ചു. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തി. എന്നാൽ  എത്ര പേരെയാണ് പ്രളയത്തിൽ കാണാതായിരിക്കുന്നതെന്നത് അധികൃതർക്ക് ഇനിയും വ്യക്തമല്ല. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.

അതേ സമയം സർച്ച് ആൻഡ് റസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും, കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് അറിയിച്ചു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, “ഞങ്ങൾ അവരെ സംരക്ഷിക്കും”, എന്ന് വ്യക്തമാക്കി.

മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് രാവിലെ വെള്ളപ്പൊക്കം ഉണ്ടായതെന്നും , ഗ്വാഡൽപെ നിറയുന്നതിന് മുന്നേ ആളുകളെ ഒഴിപ്പിക്കാൻ നടപടി എടുത്തില്ലെന്നും കെർവില്ലെയുടെ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യത നിലനിൽക്കെ, നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

എന്നാൽ പടിഞ്ഞാറൻ, മധ്യ ടെക്സസിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നേരിടേണ്ടിവരുമെന്ന് വ്യാഴാഴ്ച തന്നെ സംസ്ഥാന അടിയന്തര മനേജ്മെന്‍റിന്റെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും വ്യക്തമാക്കി.





#Daily
Leave a comment