
ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തില്‍ നശിച്ചത് 1.1 ദശലക്ഷം മെട്രിക് ടണ്‍ അരി
ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തില്‍ ഏകദേശം 1.1 ദശലക്ഷം മെട്രിക് ടണ്‍ അരി നശിച്ചതായി കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍. ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലെ കനത്ത മണ്‍സൂണ്‍ മഴയും അതിരൂക്ഷമായ വെള്ളപ്പൊക്കവും രാജ്യത്ത് കനത്ത നാശം വിതച്ചിട്ടുണ്ട്. 75 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും കണക്കുകളുണ്ട്.
വെള്ളപ്പൊക്കത്തിന് പുറമെ വിലക്കയറ്റവും മറ്റ് പ്രതിസന്ധികളും ബംഗ്ലാദേശിനെ ബാധിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ വെള്ളപ്പൊക്കം നെല്ലുല്‍പ്പാദനത്തില്‍ ഗണ്യമായ നഷ്ടമുണ്ടാക്കിയതിനെത്തുടര്‍ന്ന് 500,000 ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ വേഗത്തില്‍ നീങ്ങുകയാണെന്നും ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭക്ഷ്യവില കുതിച്ചുയരുന്നതിനിടയില്‍ പ്രധാന ധാന്യങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് രാജ്യത്തെ പ്രേരിപ്പിക്കുന്നത്.
200,000 ടണ്ണിലധികം പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം രാജ്യവ്യാപകമായി മൊത്തം കാര്‍ഷിക നഷ്ടം ഏകദേശം 45 ബില്യണ്‍ ബംഗ്ലാദേശ് ടാക്ക (380 മില്യണ്‍ ഡോളർ) ആയി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ അരി ഉത്പാദക രാജ്യമായ ബംഗ്ലാദേശ്, 170 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവർഷം 40 ദശലക്ഷം ടൺ അരി ഉൽപ്പാദിപ്പിക്കുന്നു. ഇത്രയും അരി ഉൽപ്പാദിപ്പിച്ചിട്ടും, പ്രകൃതിദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളെ തുടർന്ന് ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബംഗ്ലാദേശ്.