TMJ
searchnav-menu
post-thumbnail

TMJ Daily

മുന്‍ഗണനകളാണ് പ്രശ്‌നം, ഫ്ലയിങ് കിസ്സ് മാഡം ജീക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു: പ്രകാശ് രാജ്

10 Aug 2023   |   2 min Read
TMJ News Desk

രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ്സ് പരാതിയില്‍ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്. മുന്‍ഗണനകളാണ് പ്രശ്‌നം, മാഡം ജീക്ക് ഫ്ലയിങ് കിസ്സ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്, പക്ഷേ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ച കാര്യങ്ങളില്‍ പ്രശ്‌നമൊന്നും ഇല്ല എന്ന് പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രംസംഗിച്ച ശേഷം ബിജെപി ബെഞ്ചുകള്‍ക്ക് നേരെ രാഹുല്‍ ഫ്ലയിങ് കിസ്സ് നല്‍കിയെന്നും ഇത് സഭയുടെ അന്തസ്സിനു ചേര്‍ന്നതല്ലെന്നും ആരോപിച്ചാണ് സ്മൃതി ഇറാനിയും ബിജെപിയുടെ മറ്റ് വനിതാ എംപിമാരും ചേര്‍ന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

പ്രസംഗവും പരാതിയും

ബുധനാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 'അദാനിയെപ്പറ്റിയല്ല ഇന്നത്തെ എന്റെ പ്രസംഗം, മുന്‍പ് അദാനിയെപ്പറ്റി ഞാന്‍ സംസാരിച്ചത് നിങ്ങളുടെ മുതിര്‍ന്ന നേതാവിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത് നിങ്ങളെയും ബാധിച്ചിട്ടുണ്ടാവും, അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ ഇന്ത്യയിലല്ല, അദ്ദേഹം ഇതുവരെ അവിടേക്ക് പോകാത്തതിന്റെ കാരണം അതാണ്. മണിപ്പൂര്‍ എന്ന് ഞാന്‍ പറയുന്നുണ്ടെങ്കിലും മണിപ്പൂര്‍ ഇനി അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് രണ്ടായി വിഭജിച്ചിരിക്കുന്നു. ബിജെപി മണിപ്പൂരിനെ വിഭജിക്കുകയും തകര്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ കൊലചെയ്യപ്പെടുന്നത് ഇന്ത്യയാണ്. രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നതെങ്കില്‍ മോദി അദാനിയും അമിത് ഷായും പറയുന്നതാണ് കേള്‍ക്കുന്നത്, ബിജെപിക്കാര്‍ രാജ്യദ്രോഹികളാണ്. ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം ഞാന്‍ കഴിഞ്ഞു, അവിടുത്തെ ജനങ്ങളോട് സംസാരിച്ചു. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടു, പ്രാധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്ന് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ മറുപടി പ്രസംഗം നടത്തിയ സ്മൃതി ഇറാനി പറഞ്ഞത് കോണ്‍ഗ്രസ് ഇന്ത്യയല്ല അഴിമതിയാണ്, കുടുംബ വാഴ്ചയിലല്ല ഇന്ത്യ വിശ്വസിക്കുന്നത് യോഗ്യതയിലാണ്. മണിപ്പൂര്‍ വിഭജിക്കപ്പെട്ടിട്ടില്ല അത് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് എന്നായിരുന്നു. തുടര്‍ന്നാണ് പ്രസംഗത്തിനു ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി വനിതാ എംപിമാര്‍ക്കുനേരെ ഫ്ലയിങ് കിസ്സ് നല്‍കി എന്ന ആരോപണവുമായി വനിതാ എംപിമാര്‍ രംഗത്തുവന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാഹുല്‍ അപമര്യാദയോടെ പെരുമാറി എന്ന പരാതി ഉയര്‍ത്തുകയും 21 ബിജെപി വനിതാ എംപിമാര്‍ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എനിക്കുമുന്‍പ് പ്രസംഗിച്ചയാള്‍ അപമര്യാദയോടെ പെരുമാറി, സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ വനിതാ അംഗങ്ങള്‍ക്ക് ഫ്ലയിങ് കിസ്സ് നല്‍കാന്‍ സാധിക്കു എന്നാണ് ഇന്നലം സ്മൃതി ഇറാനി പറഞ്ഞത്.

#Daily
Leave a comment