ഭക്ഷ്യവിഷബാധ; തൃശൂര്‍ പെരിഞ്ഞനം സ്വദേശിനി മരിച്ചത് മയൊണൈസ് കഴിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍ പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 180 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബയാണ് മരിച്ചത്. മുട്ട ചേര്‍ത്ത മയൊണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍സ് ഹോട്ടലില്‍ നിന്നും ശനിയാഴ്ച കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് ഉസൈബയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഉസൈബ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിക്കുന്നത്. കുഴിമന്തിക്കൊപ്പം മുട്ട ചേര്‍ത്ത മയൊണൈസ് നല്‍കിയെന്ന വിവരത്തെ തുടര്‍ന്ന് സാംപിള്‍ ശേഖരിക്കാനെത്തിയ അധികൃതരോട് അവശേഷിക്കുന്ന മയൊണൈസ് വിറ്റ് തീര്‍ന്നെന്ന മറുപടിയാണ് ഹോട്ടല്‍ ഉടമ നല്‍കിയത്. ശനിയാഴ്ച രാത്രി സെയിന്‍സ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 180 ഓളം ആളുകള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. പാര്‍സല്‍ വാങ്ങി കഴിച്ച പെരിഞ്ഞനം, കയ്പമംഗലം സ്വദേശികള്‍ ചികിത്സ തേടിയിരുന്നു. ഇതേ ഹോട്ടലില്‍ സമാനസംഭവം ആറ് മാസങ്ങള്‍ക്ക് മുന്‍പും നടന്നിട്ടുണ്ടെന്നാണ് വിവരം. 2023 ലാണ് മുട്ട ചേര്‍ത്തുള്ള മയൊണൈസിന്റെ വില്‍പന നിര്‍ത്തലാക്കുന്നത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും എത്തി ഞായറാഴ്ച ഹോട്ടല്‍ അടപ്പിച്ചിരുന്നു.