PHOTO: WIKI COMMONS
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്; വാക്കി ടോക്കിയിലൂടെ സംസാരിച്ചു
ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യം പകര്‍ത്തി. തുരങ്കത്തിലേക്ക് പുതുതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ വാക്കി ടോക്കിയിലൂടെ രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു. എല്ലാവരും ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരാഴ്ചയിലേറെയായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടര്‍ന്നു വരികയാണ്. പൈപ്പുവഴിയാണ് തുരങ്കത്തിനുള്ളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. മൊബൈല്‍ ചാര്‍ജറും ഈ ആറിഞ്ച് പൈപ്പിലൂടെ എത്തിക്കാന്‍ സാധിക്കും എന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുന്ന കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് നിലവില്‍ ഭക്ഷണം എത്തിക്കുന്നത്. പഴവും ആപ്പിളും കിച്ചടിയും ഒക്കെയാണ് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്തിക്കുന്നത്.
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്, സംഘത്തില്‍ വിദേശത്തുനിന്നുള്ള വിദഗ്ധരും
തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പത്താംദിവസവും തുടരുകയാണ്. ഇന്ത്യന്‍ സേനയുടെ നിര്‍മാണ വിഭാഗമായ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ ഓഗര്‍ ഡ്രില്ലിംഗ് മെഷീന്‍ വഴിയുള്ള രക്ഷാദൗത്യം ദ്രുതഗതിയില്‍ നടക്കുകയാണ്. ഒന്നര ദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സും സ്ഥലത്തെത്തിയിട്ടുണ്ട്. നവംബര്‍ 12 നാണ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ അകപ്പെട്ടത്.
തുരങ്കത്തിലേക്ക് ലംബമായി മറ്റൊരു തുരങ്കം നിര്‍മിച്ച് രക്ഷാപാതയൊരുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഓഗര്‍ മെഷീന്റെ സഹായത്തോടെ 900 മില്ലീമീറ്റര്‍ പൈപ്പ് കടത്താനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകസംഘം നടത്തുന്നത്. തുരങ്കത്തിന്റെ മുകള്‍ഭാഗത്തിനും തുരങ്കത്തിനും ഇടയിലുള്ള സ്ഥലം തിട്ടപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്.
തൊഴിലാളികളില്‍ ചിലര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. അപകടത്തില്‍പ്പെട്ട 41 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ചുപേര്‍ ഒഡീഷ, നാലുപേര്‍ ബിഹാര്‍, മൂന്നുപേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു.
26 കിലോമീറ്റര്‍ കുറയും
ബ്രഹ്‌മഖ-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ചാര്‍ധാം റോഡുവികസനവുമായി ബന്ധപ്പെട്ടാണ് 4,531 മീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നത്. പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം 26 കിലോമീറ്റര്‍ കുറയും. ചാര്‍ധാം തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയ്ക്കു വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. നിലവിലെ റോഡ് വീതികൂടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു തുരങ്കപാത നിര്‍മിക്കാന്‍ ധാരണയായത്. 853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് പാത നിര്‍മിക്കുന്നത്. തുരങ്കപാതയ്ക്കു സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.