
ചരിത്രത്തിൽ ആദ്യമായി പ്രവേശനോത്സവ ഗാനമായി വിദ്യാർഥിനിയുടെ കവിത
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനിയായ ഭദ്രാ ഹരി എഴുതിയ ഗാനമാണ് 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവഗാനമായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്രാ ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കുകയാണ്. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണക്കത്ത് ഭദ്രാ ഹരിക്ക് കൈമാറും.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും.


