
REPRESENTATIONAL IMAGE: PTI
ലോകം ചുട്ടുപൊള്ളുന്നു; ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ചൂടേറിയ ദിനങ്ങള്‍
ലോകത്തിലെ ശരാശരി താപനില ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഉയര്‍ന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്ത ഡാറ്റകള്‍ പ്രകാരം, ജൂലൈ ആറിന് ആഗോള ശരാശരി താപനില 17.23 ഡിഗ്രി സെല്‍ഷ്യസ് അഥവാ 63.01 ഡിഗ്രി ഫാരെന്‍ഹീറ്റായി ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മൂന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 17.01 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഏറ്റവും ഉയര്‍ന്ന ആഗോള ശരാശരി താപനില. എന്നാല്‍ ഒരു ദിവസത്തിനുശേഷം ജൂലൈ അഞ്ചിന് താപനില 17.18 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തുകയുണ്ടായി.
മനുഷ്യ നിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസവുമാണ് താപനിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാഹചര്യമായ ഘടകങ്ങളെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എല്‍ നിനോ ദക്ഷിണ ആന്ദോളനം അഥവാ എന്‍സോ (ENSO) കാരണമാണ് ഭൂമിയിലെവിടെയും കാലാവസ്ഥാ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഈ ഘട്ടത്തില്‍ ചൂടുള്ള ജലം ഉഷ്ണമേഖലാ പസഫിക്കിന്റെ ഉപരിതലത്തിലേക്ക് വരുകയും അന്തരീക്ഷത്തിലേക്ക് ചൂട് തള്ളപ്പെടുകയും ചെയ്യുന്നു. ലോകത്തിന് ഇനിയും കൂടുതലായി വേണ്ടത് എണ്ണയും വാതകങ്ങളുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണീ കാലാവസ്ഥാ വ്യതിയാനമെന്ന് വിദ്ഗധര്‍ പറയുന്നു.
ഉയരുന്ന കണക്കുകള്‍
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് രണ്ടുമീറ്റര്‍ ഉയരത്തില്‍ ശരാശരി ആഗോള അന്തരീക്ഷ താപനില 62.62 ഡിഗ്രി ഫാരെന്‍ഹീറ്റ് അഥവാ 17.01 ഡിഗ്രി സെല്‍ഷ്യസായിരുന്നു ജൂലൈ മൂന്നിന് രേഖപ്പെടുത്തിയത്. 2016 ലും 2022 ലും റിപ്പോര്‍ട്ട് ചെയ്ത താപനിലയെക്കാള്‍ കൂടുതലായിരുന്നു ഇത്. 62.46 ഡിഗ്രി ഫാരെന്‍ഹീറ്റ് അഥവാ 16.92 ഡിഗ്രി സെല്‍ഷ്യസായിരുന്നു ആ വര്‍ഷങ്ങളിലെ ഉയര്‍ന്ന താപനില. അടുത്ത ആറ് ആഴ്ചകളില്‍ കുറച്ചുകൂടി ചൂടുള്ള ദിവസങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ഡോ. റോബര്‍ട്ട് റോഹ്ഡ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് ആക്കം കൂട്ടുന്നതാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍.
കാലാവസ്ഥയെ താറുമാറാക്കുന്ന എല്‍ നിനോ
പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഈ വര്‍ഷത്തെ എല്‍ നിനോ കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എല്‍ നിനോയുടെ അനന്തരഫലമായി പല സ്ഥലങ്ങളിലും ചൂട് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും തെക്കേ അമേരിക്കയില്‍ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരള്‍ച്ച രൂക്ഷമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എല്‍ നിനോയുമായി ബന്ധപ്പെട്ട് ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിന് മുന്നറിയിപ്പുകളും നടപടികളും അത്യന്താപേക്ഷിതമാണ്. 2016 നേക്കാള്‍ താപനില 2024 ല്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്‍ നിനോ സമുദ്രത്തിലെ താപനിലയെ ബാധിക്കുമെന്നും അനന്തരഫലമായി കിഴക്കന്‍ പസഫിക്കിലെ ജലം സാധാരണയേക്കാള്‍ ചൂടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനുമൊക്കെ എല്‍ നിനോ കാരണമാകാം. ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം ശക്തമായിരിക്കാമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ലോകരാജ്യങ്ങളെ പല രീതിയിലാണ് എല്‍ നിനോ ബാധിക്കുക. എല്‍ നിനോയുടെ ഭാഗമായി പസഫിക് മേഖലയില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപ്പപ്പെടുന്നത് കൂടുമെന്നും അമേരിക്കയിലും മറ്റിടങ്ങളിലും മഴയും വെള്ളപ്പൊക്ക സാധ്യതയും വര്‍ധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനോടൊപ്പം തന്നെ ഇതിന്റെ പ്രത്യാഘാതമായി പലയിടങ്ങളിലും താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. എല്‍ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവര്‍ഷത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. എല്‍ നിനോ എത്തിയപ്പോഴെല്ലാം ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറഞ്ഞ ചരിത്രമാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ദുരന്തമാകുന്ന ഉഷ്ണതരംഗം
ഉഷ്ണതരംഗം ഹിമാലയത്തെയും ഉരുക്കുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഹിമാലയത്തിലെ മഞ്ഞുരുക്കവും ശക്തമായിരുന്നു. ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നതോടെ പര്‍വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്‌വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഇത് മണ്ണിടിച്ചിലിനും ഇടയാക്കും. ഹിന്ദു കുഷ് ഹിമാലയത്തിലുടനീളം 200 ഹിമാനി തടാകങ്ങള്‍ ഇതിനകം അപകടകരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.