
വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള വഴി തെളിയുന്നു
വിദേശികളായ അഭിഭാഷകര്‍ക്കും, അഭിഭാഷക സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. ഇന്ത്യയില്‍ അഭിഭാഷകരുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളും, വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ചുമതലപ്പെട്ട ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദേശത്തു നിന്നുള്ള അഭിഭാഷകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ രൂപരേഖ തയ്യാറാക്കി.
പുതിയ നയം ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് ഗുണകരമാവുമെന്ന് ബിസിഐ വെളിപ്പെടുത്തി. ഫലപ്രദമായ നിയന്ത്രണങ്ങളോടെ പരിമിതമായ നിലയില്‍ വിദേശ അഭിഭാഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കു ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതുകൊണ്ട് ഇന്ത്യയിലെ അഭിഭാഷക സമൂഹത്തിന് ദോഷമൊന്നും സംഭവിക്കില്ലെന്നാണ് ബിസിഐ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അഭിഭാഷകര്‍ക്കും വിദേശത്തു നിന്നുള്ള അഭിഭാഷകര്‍ക്കും പരസ്പരം പ്രയോജനകരമായ നിലയിലാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും ബിസിഐ വ്യക്തമാക്കി.
ഇന്ത്യയെ വാണിജ്യ സംബന്ധമായ ആര്‍ബിട്രേഷന്‍ നടപടികള്‍ കൈകാര്യം ചെയ്യുന്ന ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് ഈ തീരുമാനം ഉതകുമെന്നു കരുതപ്പെടുന്നു. ബിസിഐ യില്‍ രജിസ്റ്റര്‍ വിദേശ അഭിഭാഷകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അതേസമയം ഒരു കക്ഷിക്ക് നിയമോപദേശം നല്‍കുന്നതിന് മാത്രമായി എത്തുന്ന അഭിഭാഷകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത അഭിഭാഷകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ഉണ്ടാവില്ല. വര്‍ഷത്തില്‍ പരമാവധി 60 ദിവസം മാത്രമായിരിക്കും അത്തരം നിയമോപദേശം നല്‍കാനായി ലഭ്യമാവുക.