TMJ
searchnav-menu
post-thumbnail

എമിനെ സാപ്പാരോവ

TMJ Daily

യുക്രൈന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

08 Apr 2023   |   1 min Read
TMJ News Desk

യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിനെ സാപ്പാരോവ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. റഷ്യ-യുക്രൈന്‍  യുദ്ധം തുടങ്ങിയതിന് ശേഷം യുക്രൈനില്‍ നിന്നുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്. യുദ്ധത്തെക്കുറിച്ചുള്ള യുക്രൈന്‍ നിലപാട്  ഇന്ത്യയുമായി ചര്‍ച്ച ചെയ്യുക എന്നതാകും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ഒരു വര്‍ഷമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ ഇരു മുന്നണികളെയും പരസ്യമായി പിന്തുണച്ചിട്ടില്ല. മാത്രമല്ല, കീവിനെ പിന്തുണച്ചു കൊണ്ടുള്ള  യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഈ ആഴ്ച, യുഎൻ  മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന അന്വേഷണത്തിന്റെ ഉത്തരവ് ഒരു വര്‍ഷത്തേക്ക് നീട്ടുന്നതിനുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന്  ഇന്ത്യ വിട്ടുനിന്നു. 28 രാജ്യങ്ങള്‍ കരട് പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും രണ്ട് രാജ്യങ്ങള്‍ മാത്രം എതിര്‍ക്കുകയും ചെയ്തതോടെ പ്രമേയം പാസ്സാക്കി. 

സന്ദര്‍ശനത്തിന്റെ ഭാഗമായി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് ഉള്‍പ്പെടെയുള്ളതിലെ രണ്ട് പ്രമുഖ ഇന്ത്യന്‍ വിദഗ്ദ്ധരുമായും  ന്യൂഡല്‍ഹിയിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യ യുക്രൈനിന് മാനുഷിക സഹായം നല്‍കിവരുന്നു. ഇതുവരെ പത്തിലധികം ചരക്കുകപ്പലുകള്‍ യുക്രൈനിലേക്ക്  അയച്ചിട്ടുണ്ട്. കൂടുതലായി അവശ്യ മരുന്നുകളും  മെഡിക്കല്‍ ഉപകരണങ്ങളുമാണ് നല്‍കിയത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയപ്പോള്‍, റഷ്യക്കെതിരെയുള്ള ഉപരോധത്തെക്കുറിച്ച്  സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, യുക്രൈന്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നിന്ന് തങ്ങളുടെ പ്രതിനിധിയെ പിന്‍വലിച്ചതിനു ശേഷം മറ്റൊരു  പിന്‍ഗാമിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഇന്ത്യ നിരവധി ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ആതിഥേയത്വം വഹിച്ചിരുന്നു. കൂടാതെ, റഷ്യയുമായി  പുതിയ ദീര്‍ഘകാല ഊര്‍ജ്ജ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ  ഇന്ത്യ-റഷ്യ  ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കുകയും റഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്ത്യയില്‍ ഓഫീസ് തുറക്കുകയും ചെയ്തു.


#Daily
Leave a comment