ഹിമാചല്‍പ്രദേശില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം
ഹിമാചല്‍പ്രദേശില്‍ പോളിഷ് യുവതി ലൈംഗികാതിക്രമത്തിനിരയായ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാന്‍ഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചില്‍ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ധ്യാന പരിശീലനവുമായി ബന്ധപ്പെട്ടാണ് യുവതി ഹിമാചല്‍പ്രദേശില്‍ എത്തുന്നത്. മൂന്ന് ആഴ്ചയായി യുവതി മക്ലിയോഡ്ഗഞ്ചിലുണ്ട്. ഇവരുമായി പരിചയത്തിലായ പ്രതി താമസസൗകര്യം വാഗ്ദാനം ചെയ്ത് വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാഴാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി കാന്‍ഗ്ര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ലഖന്‍പാല്‍ അറിയിച്ചു. പ്രതിക്കെതിരെ ഐപിസി 376 പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.
സ്പാനിഷ് യുവതിക്കെതിരെയും അതിക്രമം
ഈ വര്‍ഷം മാര്‍ച്ചിലാണ് സ്പാനിഷ് യുവതി ജാര്‍ഖണ്ഡില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയായത്. പങ്കാളിയെ കെട്ടിയിട്ടായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഈ സംഭവം ഉണ്ടായത്. പങ്കാളിയോടൊപ്പം ഏഷ്യാ പര്യടനത്തിനിറങ്ങിയതായിരുന്നു യുവതി. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡ് വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ഇരുവരും. നേപ്പാളിലേക്കുള്ള യാത്രയില്‍ ബീഹാറിലെ ബഗല്‍പൂരിലേക്ക് തിരിക്കാനിരിക്കെ ടെന്റിന് സമീപം തടഞ്ഞുനിര്‍ത്തി 28 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ ദമ്പതികളെ മര്‍ദിക്കുകയും 10,000 രൂപ കൈക്കലാക്കുകയും ചെയ്തു. രാത്രിയില്‍ പട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് ഇരുവരെയും നഗ്‌നരായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.