TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ചിലിയില്‍ കാട്ടുതീ പടരുന്നു; 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 112 പേര്‍

05 Feb 2024   |   1 min Read
TMJ News Desk

സെന്‍ട്രല്‍ ചിലിയിലെ വിന ഡെല്‍മാറില്‍ ഉണ്ടായ കാട്ടുതീയില്‍ 3 ദിവസത്തിനിടെ 112 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചിലിയിലെ ഫോറന്‍സിക് മെഡിസിന്‍ സര്‍വീസ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. വിനാ ഡെല്‍മാറിലും പരിസര പ്രദേശങ്ങളിലും 200 ലധികം പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. നിരവധി പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുകയാണ്.

വിന ഡെല്‍മാറില്‍ തീ വ്യാപിച്ചതോടെ 1931 ല്‍ സ്ഥാപിതമായ ചിലിയിലെ ഒരു പ്രശസ്ത ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഞായറാഴ്ച കത്തിനശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ 1600 പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ 8000 ഹെക്ടര്‍ വനമേഖലയും നഗരപ്രദേശവും കത്തിനശിച്ചു.

മരണസംഖ്യ ഉയര്‍ന്നേക്കും

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് മുന്നറിയിപ്പ് നല്‍കി. വിന ഡെല്‍മാറിന് ചുറ്റും എത്തിപ്പെടാന്‍ പ്രയാസമുള്ള പര്‍വത വനമേഖലകളിലാണ് തീപിടുത്തം ആരംഭിച്ചത്. അസാധാരണമാം വിധം ഉയര്‍ന്ന താപനിലയും കുറഞ്ഞ ഈര്‍പ്പവും ഉയര്‍ന്ന കാറ്റിന്റെ വേഗതയും കാട്ടുതീ നിയന്ത്രിക്കുന്നതിന് തടസമായെന്നും പ്രസിഡന്റ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 1400 അഗ്‌നിശമന ഉദ്യോഗസ്ഥരും 1300 സൈനികരും 31 അഗ്‌നിശമന രക്ഷാ ഹെലികോപ്റ്ററുകളും അപകടമേഖലകളില്‍ ഉണ്ട്. 2010 ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്.


#Daily
Leave a comment