
ഇസ്രയേലിലേക്കുള്ള ഇന്ത്യയുടെ ആയുധ വിതരണം തടയണമെന്ന് മുന്‍ നയതന്ത്രരും പ്രവര്‍ത്തകരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രയേലിലേക്ക് ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കാനോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച നയതന്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ദ്ധര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഗാസ സംഘര്‍ഷക്കാലത്ത് ഇസ്രയേലിനു ആയുധങ്ങള്‍ വിതരണം ചെയ്തത് ആഭ്യന്തര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ലംഘനമാണെന്നും ജീവിക്കാനും സമത്വത്തിനുമുള്ള മൗലികാവകാശത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 സി യുടെയും ലംഘനമാണെന്നും അഭിഭാഷകര്‍ ആയ പ്രശാന്ത് ഭൂഷണും, ചെറില്‍ ഡിസൂസ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വിരമിച്ച നയതന്ത്രജ്ഞന്‍ അശോക് കുമാര്‍ ശര്‍മ്മ, മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസര്‍ ദേബ് മുഖര്‍ജി, വിരമിച്ച പ്രൊഫസര്‍ അചിന്‍ വാനയ്ക്, വികസന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസ്, പ്രശസ്ത കര്‍ണാടക ഗായകന്‍ ടി എം കൃഷ്ണ, മനുഷ്യാവകാശ അഭിഭാഷകന്‍ ഡോ. ഹര്‍ഷ് മാന്‍ഡര്‍, മസ്ദൂര്‍ കിസാന്‍ ശക്തി സ്ഥാപക അംഗമായ നിഖില്‍ ഡേയ്, വിരമിച്ച ഐ എ എസ് മീന ഗുപ്ത, ഡല്‍ഹിയിലെ ഗവേഷണ വിദ്യാര്‍ത്ഥി വിജയന്‍ മല്ലുത്ര ജോസഫ് എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മുനിഷ്യന്‍സ് ഇന്ത്യ ലിമിറ്റഡും പ്രീമിയര്‍ എക്സ്പ്ലോസിവ്സ്, അദാനി ഡിഫെന്‍സ്, ഏറോസ്പേസ് ലിമിറ്റഡ് തുടങ്ങിയ മറ്റ് സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരുകളാണ് ഹര്‍ജിയില്‍ പരാമര്‍്ശിച്ചിട്ടുള്ളത്. വംശഹത്യ ഉടമ്പടി പ്രകാരം ഇന്ത്യക്ക് അന്താരാഷ്ട്ര നിയമപരമായ ബാധ്യതകളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
യുദ്ധ കുറ്റങ്ങള്‍ നടത്താന്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന ഗുരുതരമായ അപകടസാധ്യത ഉണ്ടെങ്കില്‍ ഇന്ത്യക്ക് ഇസ്രായിലിലേക്ക് സൈനിക ഉപകരണങ്ങളോ ആയുധങ്ങളോ കയറ്റുമതി ചെയ്യാന്‍ കഴിയില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷവും ഇസ്രയേലിന്റെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വന്നതിനു ശേഷവും ഇന്ത്യന്‍ അധികാരികള്‍ ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ നല്‍്കിയിട്ടുണ്ടെന്നുള്ള വിശ്വസനീയമായ റിപ്പോര്‍ട്ടുകളും പൊതുവായി ലഭ്യമായ രേഖകളും ഉണ്ടെന്ന് ഹര്‍ജിയില്‍ അവകാശപ്പെട്ടു.