
മുന്‍വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
മുന്‍വിദേശകാര്യ മന്ത്രിയും കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. കുറച്ചുകാലമായി വാര്‍ദ്ധക്യസഹജമായ അസുഖ ബാധിതനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
കര്‍ണാടക സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്‌കാരം നാളെ അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ മാണ്ഡ്യയിലെ ഗ്രാമത്തില്‍ നടത്തും.
മാണ്ഡ്യയിലെ സോമനഹള്ളി ഗ്രാമത്തില്‍ 1932 മെയ് 1-ന് ജനിച്ച കൃഷ്ണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് 1962-ല്‍ മാധൂര്‍ നിയമസഭാ സീറ്റില്‍ സ്വതന്ത്രനായി വിജയിച്ചു കൊണ്ടാണ്. തുടര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ അംഗമായി.
1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2009 മുതല്‍ 2012 വരെ വിദേശകാര്യമന്ത്രിയായും മഹാരാഷ്ട്രയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2023 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.
1989 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 1971നും 2014നും ഇടയില്‍ അനവധി തവണ ലോകസഭ, രാജ്യസഭാംഗമായിട്ടുണ്ട്. 1993-1994 കാലഘട്ടത്തില്‍ കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയും ആയിരുന്നു. ബംഗളുരു ഇന്ത്യയുടെ സിലിക്കണ്‍ വാലിയായി വളര്‍ന്നത് കൃഷ്ണയുടെ കാലത്തായിരുന്നു.