TMJ
searchnav-menu
post-thumbnail

TMJ Daily

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

25 Apr 2025   |   1 min Read
TMJ News Desk

എസ്ആര്‍ഒയുടെ അഞ്ചാമത്തെ ചെയര്‍മാനായിരുന്ന കെ കസ്തൂരിരംഗന്‍ അന്തരിച്ചു. ബംഗളുരുവിലെ വസതിയില്‍ ഇന്ന് രാവിലെ 10.43 നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം ഒമ്പത് വര്‍ഷം ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാംഗവും പ്ലാനിങ് കമ്മീഷന്‍ അംഗവുമായിരുന്നു. 2020ല്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷനായി. 2013ല്‍ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തലവനും അദ്ദേഹമായിരുന്നു.

നാല് ദശാബ്ദത്തോളം അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ ആദ്യത്തെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഉപഗ്രഹമായ ഭാസ്‌കര ഒന്നിന്റേയും രണ്ടിന്റേയും പ്രോജക്ട് ഡയറക്ടറായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന ഉപഗ്രമായ ഐആര്‍എസ്-1എയുടേയും പ്രോജക്ട് ഡയറക്ടറായിരുന്നു.

അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന കാലത്താണ് ഇസ്രോ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) വിക്ഷേപിച്ചതും പ്രവര്‍ത്തനസജ്ജമാക്കിയതും. കൂടാതെ, ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) വിജയകരമായി ആദ്യ പരീക്ഷണം പൂര്‍ത്തീകരിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഇന്‍സാറ്റ് ഉപഗ്രഹങ്ങളുടേയും ഐആര്‍എസ് ഉപഗ്രഹങ്ങളുടേയും മറ്റും വികസനത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സിവിലിയന്‍ ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്ത്, വികസിപ്പിച്ച്, വിക്ഷേപിക്കുന്നത് വരെ അദ്ദേഹം മേല്‍നോട്ടം വഹിച്ചുവെന്ന് ഇസ്രോ പ്രസ്താവനയില്‍ അറിയിച്ചു.

പദ്മ ശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.





#Daily
Leave a comment