
പത്മിനി തോമസ് | PHOTO: WIKI COMMONS
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസ് ബിജെപിയിലേക്ക്
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് അംഗവുമായ പത്മിനി തോമസ് ബിജെപിയില്‍ ചേരും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കൂടിയാണ് പത്മിനി തോമസ്. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇന്ന് തിരുവനന്തപുരത്തുവച്ച് ബിജെപിയില്‍ അംഗത്വം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കാണ്‍ഗ്രസില്‍ നിന്നും പരിഗണന ലഭിച്ചില്ലെന്നും പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നെന്നും പത്മിനി പ്രതികരിച്ചു.
മുന്‍ കായികതാരമായിരുന്ന പത്മിനി തോമസ് കെപിസിസിയുടെ കായികവേദി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മിനിയെ പരിഗണിച്ചിരുന്നു. പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്
പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇടതു മുന്നണിയിലെ നേതാക്കളും പാര്‍ട്ടിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.