
ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി മുൻ സൈനിക കമാൻഡർ പ്രബോവോ സുബിയാന്തോ ചുമതലേയറ്റു
സ്വേച്ഛാധിപതിയുടെ കൽപ്പന വഹിച്ചിരുന്ന സൈനിക കമാൻഡറിൽ നിന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പദവിയിലേക്ക്. ചരിത്രത്തിലെ വ്യത്യസ്ത സന്ദർഭങ്ങളിലൂടെ കടന്നുവന്നാണ് പ്രബോവോ സുബിയാന്തോ ഇന്തോനേഷ്യൻ പ്രസിഡന്റ് പദവിയിലെത്തുന്നത്.
ഇന്തോനേഷ്യയിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ ഇരുണ്ട നാളുകളിൽ അവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെട്ട മുൻ ജനറലിൽ നിന്ന് ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി പ്രബോവോ സുബിയാന്തോ. ലോകത്തെ മൂന്നാമത്തെ വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി അധികാരത്തിലെത്തുന്ന പ്രബോവോ സുബിയാന്തോയുടെ മുൻകാല ചരിത്രം വേരൂന്നി നിൽക്കുന്നത് സ്വേച്ഛാധിപത്യത്തിന്റെ രക്തരൂക്ഷിതമായ ഇന്നലെകളിലാണ്.
പ്രബോവ സൈനിക കമാൻഡറായിരുന്ന നാളുകളിലാണ് ഇന്തോനേഷ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകരെ തട്ടിക്കൊണ്ടുപോയതും, പപ്പുവയിലും, കിഴക്കൻ ടിമോറിലും അതിക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളും നടന്നത്. ഇതിലൊക്കെ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന ആരോപണം ഇന്നും നിലനിൽക്കുന്നുണ്ട്. അവകാശ ലംഘനങ്ങളുടെ ആരോപണങ്ങൾ ഇന്നും നേരിടവേയാണ് മുൻ സൈനിക കമാൻഡർ തിരഞ്ഞെടുപ്പിൽ വിജയിയായി അധികാരത്തിലേറുന്നത്. 280 ദശലക്ഷം ജനസംഖ്യയുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തെ നയിക്കുന്നതിനായി ഈ എഴുപത്തിമൂന്നുകാരൻ അധികാരത്തിലെത്തുമ്പോൾ മനുഷ്യാവകാശ പ്രവർത്തകരിൽ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സൈന്യത്തിൽ നിന്ന് 1998 ൽ പിരിച്ചുവിടലിലേക്ക് നയിച്ച ആരോപണങ്ങൾ പ്രബോവോ സുബിയാന്തോ എക്കാലവും നിഷേധിച്ചിട്ടുണ്ട്. സുബിയാന്തോയെ പുറത്താക്കിയ അതേ വർഷം തന്നെ മുൻ പ്രസിഡന്റ് സുഹാർത്തോയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് ഇന്തോനേഷ്യ സ്വതന്ത്രമായതും ഈ സമയത്ത് തന്നെ. പ്രബോവോ ജോർദാനിലേക്ക് നാടുകടന്നു അതിനാൽ അദ്ദേഹം വിചാരണ ചെയ്യപ്പെടുകയോ അതിൽ എന്തെങ്കിലും നടപടിയുണ്ടാവുകയോ ചെയ്തില്ല. അതേസമയം, അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന നിരവധി ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു.
ജനപ്രീതിയുള്ള പ്രസിഡന്റ് ജോക്കോ ദോദോയുടെ എതിരാളിയായിരുന്നു സുബിയാന്തോ. രണ്ട് തവണ 2014 ലിലും 2019ലിലുമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ജോക്കോയ്ക്കെതിരെ സുബിയാന്തോ മത്സരിച്ചുവെങ്കിലും പരാജയമായിരന്നു ഫലം. രണ്ടാം തവണ മത്സരത്തിൽ സുബിയാന്തോ തോറ്റുവെങ്കിലും ജോക്കോ, അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കി തനിക്കൊപ്പം കൊണ്ടുവന്നു. ഇതോടെ എതിരാളികളായി മത്സരിച്ചിരുന്ന രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സഖ്യമായി.
ഈ വർഷം ഫെബ്രുവരി 14 ന് നടന്ന തിരഞ്ഞെടുപ്പിൽ ഏകദേശം 60% വോട്ടുകൾ നേടി പ്രബോവോ സുബിയാന്തോ വിജയിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ശക്തമായ പാർലമെന്ററി സഖ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. സ്ഥാനമൊഴിയുന്ന ജനപ്രിയ പ്രസിഡന്റ് ജോക്കോവി എന്ന് വിളിക്കപ്പെടുന്ന ജോക്കോ വിദോദോയുടെ മൂത്തമകനാണ് ഇദ്ദേഹത്തിനൊപ്പം അധികാരത്തിലെത്തുന്ന വൈസ് പ്രസിഡന്റ് ജിബ്രാൻ റകാബുമിങ് റാക്ക എന്ന മുപ്പത്തിയേഴുകാരൻ.
അധികാരമേറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തിൽ സുബിയാന്തോ തന്റെ സർക്കാരിന്റെ വിദേശനയം ഉൾപ്പടെ വ്യക്തമാക്കി. ആഗോള തലത്തിൽ ചേരിചേരാ നയമായിരിക്കും ഇന്തോനേഷ്യ തുടരുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ, എല്ലാ കൊളോണിയൽ നിലപാടുകൾക്കെതിരെയും നിലകൊള്ളുകയും ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും. പലസ്തീൻ ജനതയെ സഹായിക്കാൻ ഗാസയിലേക്ക് കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.